local news

ആയംപാറയില്‍ അജ്ഞാത ജീവിയുടെ നഖപ്പാടുകള്‍ കണ്ടെത്തി

പെരിയ: ആയംപാറ ഉരുളംകോടിയിലെ സ്വകാര്യ വ്യക്തിയുടെ കവുങ്ങിന്‍ തോട്ടത്തില്‍ അജ്ഞാത ജീവിയുടെ നഖപ്പാടുകള്‍ എന്ന് സംശയിക്കുന്ന അടയാളങ്ങള്‍ കണ്ടെത്തി. കവുങ്ങിന്റെ അടിഭാഗത്താണ് സംശയകരമായ സാഹചര്യത്തില്‍ അടയാളങ്ങള്‍ കാണപ്പെട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട തോട്ടം ഉടമ ഉടന്‍ തന്നെ വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും ആര്‍.ആര്‍.ടി അംഗങ്ങളും സ്ഥലത്തെത്തി അടയാളങ്ങള്‍ പരിശോധിച്ചു. കാട്ടുപന്നിയുടെ തേറ്റ കൊണ്ടുള്ള കുത്തേറ്റാണ് കവുങ്ങിന്‍ തടിയില്‍ സമാന്തര രേഖയിലുള്ള അടയാളങ്ങള്‍ ഉണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമായ പ്രദേശമാണ് ഉരുളംകോടി. കാട്ടുപന്നി ശല്യം കാരണം കൃഷി ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രദേശത്തെ കര്‍ഷകര്‍.

 

error: Content is protected !!