local news

യാത്രാദുരിതത്തിന് അറുതി വരുത്തണം; നീലേശ്വരത്ത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം ശക്തം

നീലേശ്വരം: കാസര്‍ഗോഡ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്നതും, മലയോര മേഖലയിലുള്ള പഞ്ചായത്തുകളിലെയും എട്ട് പഞ്ചായത്തുകളിലെയും രണ്ട് മുനിസിപ്പാലിറ്റികളിലെയും ജനങ്ങള്‍ ആശ്രയിക്കുന്ന ഏക റെയില്‍വേ സ്റ്റേഷനുമായ നീലേശ്വരത്ത്, ദീര്‍ഘദൂര എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ സര്‍വീസ് നടത്തിവരുന്ന തിരുനെല്‍വേലി – ജാംനഗര്‍ എക്‌സ്പ്രസ് (19577 / 19578), പുതുച്ചേരി – മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് (16855 / 16857) എന്നീ ട്രെയിനുകള്‍ക്ക് നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ കൂട്ടായ്മകള്‍ റെയില്‍വേ അധികൃതര്‍ക്ക് നിവേദനം നല്‍കി. സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍, പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ (DRM), റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍, റെയില്‍വേ മന്ത്രിമാര്‍ എന്നിവര്‍ക്കാണ് നിവേദനം സമര്‍പ്പിച്ചത്.
രണ്ട് ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രധാന കവാടമായ നീലേശ്വരം റെയില്‍വേ സ്റ്റേഷനോട് അധികൃതര്‍ കാണിക്കുന്ന തുടര്‍ച്ചയായ അവഗണനയ്‌ക്കെതിരെ പ്രദേശവാസികള്‍ക്കിടയിലും യാത്രക്കാരുടെ സംഘടനകള്‍ക്കിടയിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 08:10-ന് തിരുനെല്‍വേലിയില്‍ നിന്ന് പുറപ്പെടുന്ന 19577-ാം നമ്പര്‍ ട്രെയിനും, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാത്രി 09:25-ന് ജാംനഗറില്‍ നിന്ന് പുറപ്പെടുന്ന 19578-ാം നമ്പര്‍ ട്രെയിനും വടക്കന്‍ കേരളത്തിലെ ദീര്‍ഘദൂര യാത്രക്കാരുടെ വലിയൊരു ആവശ്യത്തിനുള്ള പരിഹാരമാണ്. തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്ന നൂറുകണക്കിന് ആളുകള്‍ക്ക് ഈ സര്‍വീസ് ഏറെ പ്രയോജനകരമാണ്. അതുപോലെ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകുന്നേരം 04:45-ന് പുതുച്ചേരിയില്‍ (PDY) നിന്ന് പുറപ്പെട്ട് അടുത്ത ദിവസങ്ങളില്‍ രാവിലെ 09:30-നും 09:50-നും മംഗളൂരു സെന്‍ട്രലില്‍ (MAQ) എത്തിച്ചേരുന്ന 16855, 16857 എന്നീ എക്‌സ്പ്രസ് സര്‍വീസുകളും പ്രദേശവാസികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. ദക്ഷിണേന്ത്യയിലെ പ്രധാന വിദ്യാഭ്യാസ-വ്യാപാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ സര്‍വീസുകള്‍ നീലേശ്വരത്ത് നിര്‍ത്തിയാല്‍ ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഏറെ സൗകര്യപ്രദമാകും. എന്നാല്‍, ഇത്രയേറെ യാത്രക്കാരുള്ളതും വരുമാനത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതുമായ നീലേശ്വരം സ്റ്റേഷനില്‍ ഈ വണ്ടികള്‍ക്ക് സ്റ്റോപ്പ് ഇല്ലാത്തത് ജനങ്ങളെ കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍, വ്യാപാരികള്‍, വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിനെ ആശ്രയിക്കുന്ന രോഗികള്‍, തീര്‍ത്ഥാടകര്‍ എന്നിവരുള്‍പ്പെടെ ലക്ഷക്കണക്കിന് ജനങ്ങളാണ് ഈ മേഖലയിലുള്ളത്. നിലവില്‍ സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ പ്രായമായവരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ കിലോമീറ്ററുകള്‍ താണ്ടി കാഞ്ഞങ്ങാട്ടോ പയ്യന്നൂരോ പോയി ട്രെയിന്‍ കയറേണ്ട ഗതികേടിലാണ്. ഇത് യാത്രക്കാര്‍ക്ക് വലിയ സമയനഷ്ടവും സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നു.
വ്യാപാര-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന നീലേശ്വരത്തിന്റെ യാത്രാക്ലേശം ശാശ്വതമായി പരിഹരിക്കുന്നതിനായി തിരുനെല്‍വേലി – ജാംനഗര്‍ എക്‌സ്പ്രസിനും, പുതുച്ചേരി – മംഗളൂരു എക്‌സ്പ്രസിനും നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ അടിയന്തരമായി സ്റ്റോപ്പ് അനുവദിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു. സമര്‍പ്പിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ റെയില്‍വേ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍, ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകളെയും അണിനിരത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും യാത്രക്കാരുടെ കൂട്ടായ്മകള്‍ വ്യക്തമാക്കി.

 

error: Content is protected !!