മതേതരത്വത്തിന്റെ മഹനീയ മാതൃകയാണ് എടനീര്‍ മഠം: മുഖ്യമന്ത്രി വി. സതീശന്
എടനീര്‍: മുഖ്യമന്ത്രി വി. സതീശന് എടനീര്‍ മഠം സന്ദര്‍ശിച്ചു. മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതി മുഖ്യമന്ത്രിയെ സ്വീകരിച്ചു. നന്മയും സാഹോദര്യവും കരുണയും നിറഞ്ഞ മഹനീയ കേന്ദ്രമാണ് എടനീര്‍ മഠമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതേതരത്വത്തിന്റെ മഹനീയ മാതൃകയാണ് എടനീര്‍ മഠമെന്നും അദ്ദേഹം പറഞ്ഞു.
നിയമ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് എടനീര്‍ മഠത്തെക്കുറിച്ച് ആദ്യമായി കേട്ടത്. മഠാധിപതി കേശവാനന്ദ ഭാരതി സ്വാമിയുടെ കേസിലെ വിധി നിയമചരിത്രത്തില്‍ ശ്രദ്ധേയമായ ഏടാണ്. ഇതിനുമുമ്പ് രണ്ടുതവണ മഠം സന്ദര്‍ശിച്ചിട്ടുണ്ട്. എം.എല്‍.എ ആയും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും എടനീര്‍ മഠം സന്ദര്‍ശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അശോകസ്തംഭം പതിച്ച മഠത്തിന്റെ ഉപഹാരം സച്ചിദാനന്ദ ഭാരതി മുഖ്യമന്ത്രിക്ക് നല്കി. മഠം പ്രതിനിധികള്‍ മുഖ്യമന്ത്രിയെ പുഷ്പഹാരം അണിയിച്ചു. മഠത്തിലെ ക്ഷേത്രത്തിലും മുഖ്യമന്ത്രി ദര്‍ശനം നടത്തി. മഠാധിപതി മുഖ്യമന്ത്രിക്ക് പ്രസാദം നല്കി. സ്വാമി സച്ചിദാനന്ദ ഭാരതിയുമായി സംസാരിച്ച മുഖ്യമന്ത്രി ഇനിയും വരുമെന്ന് അറിയിച്ചാണ് മടങ്ങിയത്. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, എം.എല്‍.എമാരായ കല്ലട്ര മാഹിന്‍ ഹാജി, എ.കെ.എം അഷറഫ്, കെ. നീലകണ്ഠന്, മുന്‍മന്ത്രി സി.ടി അഹമ്മദലി, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ മുഖ്യമന്ത്രിയെ അനുഗമിച്ചു. ഗഡിനാട് വികസന അതോറിറ്റി ചെയര്മാന് സോമണ്ണ, ബേബി നമ്രുത്, സെക്രട്ടറി പ്രകാശ് എന്നിവരും മഠത്തില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.



