സംഘടനാശക്തിയില്ലാതെ ഒന്നും നേടാനാകില്ല: എളമരം കരീം; ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് ബേക്കല്‍ ക്ലബ്ബില്‍ തുടങ്ങി
കാഞ്ഞങ്ങാട്: ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് ബേക്കല്‍ ക്ലബ്ബില്‍ കെ.പി സഹദേവന്‍ നഗറില്‍ തുടങ്ങി. സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എളമരം കരീം സമ്മേളനം ഉദ്ഘാടനം ചെയ്തു. എട്ട് മണിക്കൂര്‍ ജോലി എന്നത് ഒരു വര്‍ഷം 208 മണിക്കൂര്‍ ജോലി ചെയ്താല്‍ മതി എന്നുള്ളത് രാജ്യത്തെ ബഹുഭൂരിപക്ഷം തൊഴിലാളികള്‍ക്കും അറിയില്ല. ഇത് ഒറ്റയ്ക്ക് പറഞ്ഞാല്‍ ഒരു ഉടമയും അംഗീകരിക്കില്ല. അതിന് സംഘടനാശക്തി ഉണ്ടായാല്‍ മാത്രമേ കഴിയൂ. ദൈവവിധിയാണ് എന്ന് കരുതി മൗനമായിരുന്നാല്‍ നമുക്ക് ഒന്നും നേടിയെടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.വി രാജേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സജി സംഘടനാ റിപ്പോര്‍ട്ടും എ.ജെ സുക്കാര്‍ണോ രക്തസാക്ഷി പ്രമേയവും കവിത സാജന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറിമാരായ കെ.എസ് സുനില്‍ കുമാര്‍, എം. ഹംസ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ടി.കെ രാജന്‍, സുനിത കുര്യന്‍, പി.ബി ഹര്‍ഷകുമാര്‍, സിപിഎം ജില്ലാ സെക്രട്ടറി എം. രാജഗോപാലന്‍, സിഐടിയു ജില്ലാ സെക്രട്ടറി പി. മണിമോഹന്‍, പ്രസിഡന്റ് വി.പി.പി മുസ്തഫ, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ വി.വി രമേശന്‍ സ്വാഗതം പറഞ്ഞു. പതാക ഉയര്‍ത്തല്‍, രക്തസാക്ഷി പുഷ്പാര്‍ച്ചന, സ്വാഗത ഗാനം തുടങ്ങിയ അനുബന്ധ പരിപാടികളും നടന്നു.

