local news

വള്ളംകളി നാളെ: നീലേശ്വരത്ത് ഗതാഗത, സുരക്ഷാ നിയന്ത്രണം

നീലേശ്വരം: നാളെ നീലേശ്വരം കോട്ടപ്പുറം പുഴയില്‍ നടക്കുന്ന മഹാത്മാഗാന്ധി ട്രോഫിക്കായുള്ള ഉത്തര മലബാര്‍ ജലോത്സവ വള്ളംകളി മത്സരത്തോടനുബന്ധിച്ച് പ്രദേശത്ത് ഗതാഗത ക്രമീകരണങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു. നീലേശ്വരം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കോട്ടപ്പുറം അമ്പല മൈതാനിയിലും കോട്ടപ്പുറം സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം. മടക്കര – ചെറുവത്തൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ബാലഗോകുലം അമ്പല മൈതാനിയിലും രാജാസ് സ്‌കൂള്‍ പരിസരത്തും പാര്‍ക്ക് ചെയ്യണം. കോട്ടപ്പുറം അമ്പലം മുതല്‍ പാലം വരെയുള്ള ഭാഗത്ത് റോഡരികില്‍ യാതൊരു കാരണവശാലും വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പാടില്ല. ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മത്സരം നടക്കുന്ന പുഴയില്‍ ഇറങ്ങുന്ന ചെറുവള്ളങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. മത്സര ട്രാക്കിന് സമീപവും ഫിനിഷിങ് പോയിന്റിന് സമീപവും ചെറുവള്ളങ്ങള്‍ക്ക് പ്രവേശനമില്ല. സ്ത്രീകളെയും കുട്ടികളെയും കയറ്റി ചെറുവള്ളങ്ങള്‍ പുഴയിലിറക്കാന്‍ അനുവദിക്കില്ല. നിര്‍ദേശങ്ങള്‍ ലംഘിച്ച് ട്രാക്കിന് കുറുകെ പോകുന്ന വള്ളങ്ങള്‍ പിടിച്ചെടുക്കും. മത്സരം സുഗമമായി നടത്തുന്നതിന് പൊതുജനങ്ങള്‍ പോലീസുമായി സഹകരിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

 

error: Content is protected !!