local news

സൗജന്യമെന്ന് പറഞ്ഞ് നല്‍കിയ കുടിവെള്ളം; ഇപ്പോള്‍ പണം അടയ്ക്കണമെന്ന് പറഞ്ഞ് കാരാക്കോട് – പട്ടത്തുംമൂല പട്ടികവര്‍ഗ ഊരുകളില്‍ കണക്ഷന്‍ കട്ട് ചെയ്യുന്നു

മടിക്കൈ: സൗജന്യമായി നല്‍കുമെന്ന് പറഞ്ഞ് സ്ഥാപിച്ച കുടിവെള്ള കണക്ഷനുകള്‍ക്ക് ഇപ്പോള്‍ പണം ആവശ്യപ്പെട്ട് പട്ടികവര്‍ഗ ഊരുനിവാസികളുടെ കണക്ഷനുകള്‍ കട്ട് ചെയ്യുന്നതായി പരാതി. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി മടിക്കൈ പഞ്ചായത്തിലെ കാരാക്കോട് – പട്ടത്തുംമൂല പട്ടികവര്‍ഗ ഊരുകളില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനാണ് എല്ലാ ഊരുനിവാസികള്‍ക്കും കണക്ഷനുകള്‍ സ്ഥാപിച്ചത്.
പൈപ്പുകള്‍ ഇടുമ്പോള്‍ തന്നെ എ.എ.വൈ – ബി.പി.എല്‍ കാര്‍ഡുള്ളവര്‍ക്ക് തികച്ചും സൗജന്യമാണെന്ന് പറഞ്ഞാണ് എല്ലാവര്‍ക്കും കുടിവെള്ള കണക്ഷന്‍ നല്‍കിയത്. അത് വിശ്വസിച്ചാണ് ഊരുനിവാസികളെല്ലാം കണക്ഷന്‍ എടുക്കാന്‍ തയ്യാറായത്. കണക്ഷന്‍ നല്‍കുമ്പോള്‍ ഒരു മാസം 15,000 ലിറ്റര്‍ വെള്ളം ഒരു കുടുംബത്തിന് സൗജന്യമായി ലഭിക്കുമെന്നും, അതില്‍ കൂടുതല്‍ വെള്ളം എടുത്താല്‍ മാത്രമേ പണം ഈടാക്കൂ എന്നുമാണ് പറഞ്ഞത്. കൂടാതെ എല്ലാ വര്‍ഷവും കുടിവെള്ള കണക്ഷന്‍ പുതുക്കണമെന്നും പറഞ്ഞിരുന്നു. കുടിവെള്ളം ലഭിച്ചതിന് ശേഷം ഊരുനിവാസികള്‍ എല്ലാ വര്‍ഷവും കണക്ഷന്‍ പുതുക്കുന്നുമുണ്ട്. എന്നാല്‍ പിന്നീട് മീറ്റര്‍ റീഡിങ്ങിന് വരുന്ന ആള്‍ പണം അടയ്ക്കണമെന്നും, അല്ലാത്ത പക്ഷം കുടിവെള്ള കണക്ഷന്‍ കട്ട് ചെയ്യുമെന്നും പറയാന്‍ തുടങ്ങിയതായി നാട്ടുകാര്‍ പറയുന്നു. പട്ടത്തുംമൂല പട്ടികവര്‍ഗ ഊരുകളിലെ മുള്ളി അമ്മ, ജയന്‍, ബിനു, ജയരാമന്‍ എന്നിവരുടെ കുടിവെള്ള കണക്ഷന്‍ ഇതിനകം കട്ട് ചെയ്തിരിക്കുകയാണ്. കട്ട് ചെയ്യാന്‍ വരുന്ന ഉദ്യോഗസ്ഥര്‍ ഇനിയും നിരവധി പേരുടെ കണക്ഷന്‍ കട്ട് ചെയ്യാനുണ്ടെന്നാണ് പറയുന്നത്. എ.എ.വൈ – ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മാത്രമല്ല, എ.എ.വൈ ലിസ്റ്റില്‍ ഉള്ളവര്‍ക്കും കുടിവെള്ള കണക്ഷന്‍ കൊടുത്തിട്ടുണ്ട്. അവര്‍ കണക്ഷന്‍ പുതുക്കുന്നുമില്ല, അവരുടെ കണക്ഷന്‍ കട്ട് ചെയ്യുന്നുമില്ല. പുതുക്കാത്തവരുടെ കണക്ഷന്‍ കട്ട് ചെയ്യാതെ, പുതുക്കുന്ന പട്ടികവര്‍ഗക്കാരുടെ കുടിവെള്ള കണക്ഷന്‍ മാത്രം കട്ട് ചെയ്യുന്നതെന്താണെന്ന് ഇനിയും മനസ്സിലാകുന്നില്ലെന്ന് ഊരുനിവാസികള്‍ ചോദിക്കുന്നു.

 

error: Content is protected !!