ഉദയനഗറില്‍ അമിത വൈദ്യുത പ്രവാഹം: ടി വി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
പുല്ലൂര്‍: അമിത വൈദ്യുത പ്രവാഹത്തെത്തുടര്‍ന്ന് ഉദയനഗറില്‍ വ്യാപക നാശനഷ്ടം. വരയില്ലത്തെ സതീശന്റെ വീട്ടില്‍ എല്‍.ഇ.ഡി ടി വി പൊട്ടിത്തെറിച്ച് തീപിടിച്ചത് വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ഒഴിവായത്.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന എല്‍.ഇ.ഡി ടി വി വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. മുറിക്കകമാകെ തീയും പുകയും പടര്‍ന്നു. ആ സമയത്ത് സതീശന്റെ ഭാര്യ പ്രിയ വീടിന് പുറത്തായിരുന്നതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സമീപവാസികള്‍ ഓടിയെത്തി വെള്ളം ഒഴിച്ചാണ് തീ കെടുത്തിയത്. ടി വിയും അനുബന്ധ ഉപകരണങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചു. സമീപത്തെ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ. മണികണ്ഠന്‍, കെ. പ്രമോദ്, ഉദയനഗറിലെ മുഹമ്മദിന്റെ കട, ബി. സുരേഷ് എന്നിവരുടെ വീടുകളിലെ വൈദ്യുതി വിളക്കുകളും പൊട്ടിത്തെറിച്ചു. ട്രാന്‍സ്‌ഫോര്‍മറിലുണ്ടായ തകരാറാണ് വീടുകളില്‍ നാശനഷ്ടം വരുത്താന്‍ ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. വിവരമറിഞ്ഞ് മാവുങ്കാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍മാര്‍ സതീശന്റെ വീട്ടിലെത്തി പരിശോധന നടത്തി.

