ബസ് സര്‍വീസ് നടത്താന്‍ പെര്‍മിറ്റ് ലഭിച്ചെങ്കിലും അധികൃതര്‍ സമയക്രമം അനുവദിക്കാത്തത് നാട്ടുകാരില്‍ കടുത്ത പ്രതിഷേധമുയര്‍ത്തുന്നു
കാഞ്ഞങ്ങാട്: ഗതാഗത പ്രശ്‌നം രൂക്ഷമായ കോളിയാര്‍, കത്തുണ്ടി പ്രദേശത്ത് ബസ് സര്‍വീസ് നടത്താന്‍ പെര്‍മിറ്റ് ലഭിച്ചെങ്കിലും അധികൃതര്‍ സമയക്രമം അനുവദിക്കാത്തത് നാട്ടുകാരില്‍ കടുത്ത പ്രതിഷേധമുയര്‍ത്തുന്നു.നല്ല നിലവാരത്തിലുള്ള റോഡ് ഉണ്ടായിട്ടും ഒരു ബസ് പോലും ഓടാത്ത പ്രദേശമാണിത്. ഒന്നരവര്‍ഷം മുമ്പ് തന്നെ ബസ് പെര്‍മിറ്റിന് അപേക്ഷ നല്‍കിയെങ്കിലും മൂന്ന് മാസം മുമ്പാണ് അനുവദിച്ചത് സ്വകാര്യ ബസ് ഉടമ കാലിച്ചാനടുക്കത്തെ കെ. രഘുവാണ് അപേക്ഷ നല്‍കിയത്. കാഞ്ഞങ്ങാട് നിന്ന് നിന്ന് മൂന്നാം മൈല്‍ പറക്കളായി, എണ്ണപ്പാറ, മുക്കുഴി, പാല്‍ക്കുളം, കോളിയാര്‍, തായന്നൂര്‍, കാലിച്ചാനടുക്കം വഴി സര്‍വീസ് നടത്താനാണ് പെര്‍മിറ്റ് ലഭിച്ചത്. എന്നാല്‍ ഒരു സാങ്കേതിക തടസങ്ങളും ഇല്ലാതെ ഉദ്യോഗസ്ഥര്‍ സമയക്രമം അനുവദിക്കുന്നത് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോവുകയാണെന്ന് നാട്ടുകാരന്‍ സോണി മാത്യു മൈലാടിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ജൂലൈ 23 നാണ് ആര്‍. ടി. എ അധികൃതര്‍ പെര്‍മിറ്റ് അനുവദിച്ചത്. അനുവദിച്ചുകൊണ്ടുള്ള ഉത്തരവും രഘുവിന് ലഭിച്ചു. എന്നാല്‍ സമയക്രമം അനുവദിച്ചു നല്‍കാതെ പ്രശ്‌നം ഉദ്യോഗസ്ഥര്‍ നീട്ടിക്കൊണ്ടു പോവുകയാണെന്ന് സോണി പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഈ സമീപനം തുടരുകയാണെങ്കില്‍ നാട്ടുകാര്‍ പ്രക്ഷോഭം നടത്തുമെന്നും മുന്നറിയിപ്പ് നല്‍കി.

