സ്കൂട്ടി യാത്രയ്ക്കിടെ തർക്കം; ഹെൽമറ്റ് കൊണ്ട് ഭാര്യയെ അടിച്ചു, ഭർത്താവിനെതിരെ കേസ്
കാഞ്ഞങ്ങാട്: സ്കൂട്ടിയിൽ ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ ഉണ്ടായ വാക്ക് തർക്കം കൈയ്യാങ്കളിയിൽ കലാശിച്ചു. ഹെൽമറ്റ് കൊണ്ട് ഭാര്യയെ അടിച്ച് പരിക്കേൽപ്പിച്ച ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.
തൈക്കടപ്പുറം കൊട്രച്ചാലിലെ അസീബിന്റെ മകൾ സി.എച്ച്. ജാസ്മിൻ (41) ന്റെ പരാതിയിലാണ് ഭർത്താവ് കൊട്രച്ചാലിലെ ഷമീറിനെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം ഇരുവരും സ്കൂട്ടിയിൽ സഞ്ചരിക്കുന്നതിനിടെ ഐങ്ങോത്ത് വെച്ചാണ് സംഭവം. യാത്രക്കിടെ ഭാര്യാഭർത്താക്കന്മാർ തമ്മിൽ വാക്ക് തർക്കമുണ്ടായി. തർക്കം മൂർച്ഛിച്ചതോടെ ഭർത്താവ് കൈയിലുണ്ടായിരുന്ന ഹെൽമറ്റ് കൊണ്ട് ഭാര്യയെ അടിക്കുകയായിരുന്നു എന്നാണ് പരാതി.പരിക്കേറ്റ ജാസ്മിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

