വയലാര്‍ ഗാനങ്ങള്‍ക്ക് ചിലങ്കയുടെ ഭാഷ്യം – അശ്വതിയുടെ നൃത്താവിഷ്കാരം
കാഞ്ഞങ്ങാട്: വയലാര്‍ രാമവര്‍മ്മയുടെ വരികള്‍ക്ക് കാലമില്ല. പ്രണയവും വിരഹവും വിപ്ലവവും ദര്‍ശനവും എല്ലാം ആ വരികളില്‍ നിറഞ്ഞുനില്ക്കുന്നു. ആ വരികളെ ചിലങ്കയുടെ താളത്തില്‍ വേദിയില്‍ ജീവിപ്പിച്ച് കാണികളുടെ മനം കവര്‍ന്നു നര്‍ത്തകിയും നൃത്താധ്യാപികയുമായ അശ്വതി അഞ്ചാംവയല്‍. ക്രിയേറ്റീവ് കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ വയലാറിന്റെ 51-ാം സ്മൃതി ദിനത്തോടനുബന്ധിച്ച് ഹോസ്ദുര്‍ഗ് ബാങ്ക് ഹാളില്‍ നടന്ന പരിപാടിയിലാണ് അശ്വതിയുടെ നൃത്താവിഷ്കാരം അരങ്ങേറിയത്. വയലാര്‍ ഗാനങ്ങളെ ആസ്പദമാക്കി ഒരുക്കിയ ഈ അവതരണം വെറുമൊരു നൃത്തപരിപാടിയായിരുന്നില്ല. മലയാളിയുടെ ഓര്‍മകളില്‍ എന്നും മായാതെ നില്ക്കുന്ന പാട്ടുകളുടെ ദൃശ്യഭാഷ്യമായിരുന്നു. ‘പത്മതീര്ത്ഥമോ ഉണരൂ…’ തുടങ്ങി ‘ചന്ദ്രകലഭം ചാര്‍ത്തി ഉറങ്ങും തീരം…’ വരെ വയലാറിന്റെ 14 ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് അശ്വതി നൃത്തം അവതരിപ്പിച്ചത്.
ഓരോ പാട്ടിലും ഒരു കഥയുണ്ടായിരുന്നു, ഒരു കാലമുണ്ടായിരുന്നു.എന്ന പാട്ടിലെ നായികയുടെ വിരഹവും, പ്രണയത്തിന്റെ നനവും, ദാര്‍ശനിക ഭാവവും എല്ലാം അശ്വതിയുടെ അഭിനയത്തിലൂടെയും മുദ്രകളിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. വയലാര്‍ എഴുതിയത് വെറും സിനിമാപ്പാട്ടുകളായിരുന്നില്ല എന്ന് ഈ അവതരണം ഒരിക്കല്‍ കൂടി തെളിയിച്ചു. കാത്തിരിക്കുന്ന പ്രണയിനിയും പോരാടുന്ന പെണ്ണും സ്വപ്നം കാണുന്ന കാമുകിയുമെല്ലാം അശ്വതിയുടെ ചലനങ്ങളില്‍ ജീവന് വെച്ചു. പുതിയ തലമുറ വയലാര്‍ ഗാനങ്ങള്‍ കേള്‍ക്കുന്നത് കുറഞ്ഞുവരുന്ന കാലത്താണ് ഈ ശ്രമം എന്നതാണ് ഇതിന്റെ പ്രത്യേകത. പാട്ട് കേട്ട് വളര്‍ന്ന മുതിര്‍ന്നവര്‍ക്ക് ഇത് ഗൃഹാതുരത്വമായി, പുതിയ തലമുറയ്ക്ക് ഇത് വയലാറിനെ അറിയാനുള്ള വഴിയായി. സംഗീതവും നൃത്തവും വെളിച്ചവും ഒരുമിച്ച് ചേര്‍ന്നപ്പോള്‍ വയലാര്‍ ഗാനങ്ങള്‍ വീണ്ടും വേദിയില്‍ ജീവിച്ചു. മലയാളത്തിന്റെ പ്രിയ കവിക്കുള്ള പ്രണാമം കൂടിയായി അശ്വതിയുടെ ഈ അവതരണം. അശ്വതിയുടെ നൃത്തയാത്ര തുടങ്ങുന്നത് അഞ്ചാം ക്ലാസ് മുതലാണ്. പരപ്പ മനോഹരന് മാഷിന്റെ കീഴിലും നീലേശ്വരം രാജു മാഷിന്റെ കീഴിലും നൃത്തം അഭ്യസിച്ചു. പിന്നീട് ലാസ്യ കലാക്ഷേത്രത്തില്‍ നിന്ന് ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ഡിപ്ലോമ നേടി. സ്കൂള്‍ കലോത്സവങ്ങളില്‍ സംസ്ഥാന തലം വരെ മത്സരിച്ച് നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട് അശ്വതി. നൃത്തത്തെ ജീവിതമാക്കിയ അശ്വതി ഇപ്പോള്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തം പകര്ന്നുനല്കുന്ന അധ്യാപിക കൂടിയാണ്. കോട്ടപ്പാറയിലും പെരിയയിലും നെല്ലിത്തറയിലെ ലേഖ നാരായണനുമായി ചേര്‍ന്ന് ‘മയൂര’ എന്ന പേരില്‍ നൃത്ത വിദ്യാലയം നടത്തിവരികയാണ്. കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവര്‍ കോട്ടപ്പാറ അഞ്ചാംവയലിലെ സുകുമാരന്‍ – ശ്യാമള ദമ്പതികളുടെ മകളാണ് അശ്വതി. കോളിക്കുളം സ്വദേശി ബിജു കുന്നുമ്മല്‍ ആണ് ഭര്‍ത്താവ്. കുടുംബസമേതം പെരിയയിലാണ് താമസം. അഭയ്, ജാഹ്നവി എന്നിവര്‍ മക്കളാണ്.

