പതിറ്റാണ്ടുകളായുള്ള ജനകീയ ആവശ്യമായ അണ്ടോള്‍-പൊതാവൂര്‍ പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ ആരംഭിച്ചു.
കരിന്തളം: അണ്ടോള്‍ പൊതാവൂര്‍ റോഡ് പാലത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ ആരംഭിച്ചു. അതിന്റെ ഭാഗമായി 1977 ല്‍ 5 പേര്‍ മുങ്ങി മരിച്ച തോണി അപകടം നടന്ന റോഡ് പാലത്തിന് അനുയോജ്യമായ സ്ഥലത്ത് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് എം. എല്‍. എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പി ഡബ്ലിയു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. അതിനിടെ
പതിറ്റാണ്ടുകളായുള്ള ജനകീയ ആവശ്യമായ അണ്ടോള്‍-പൊതാവൂര്‍ പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അംഗീകരിച്ച പദ്ധതി അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി അണ്ടോള്‍-പൊതാവൂര്‍ പാലം ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. അണ്ടോള്‍ കടവില്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്നതിന് 9 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിക്കുകയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വര്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും ചെയ്തിരിക്കെയാണ് ഇന്‍വെസ്റ്റിഗേഷന്‍ ഓര്‍ഡര്‍ ലഭിച്ച പദ്ധതി പ്രദേശമായ അണ്ടോള്‍ എന്ന പ്രദേശവുമായി ഒരു ബന്ധവും ഇല്ലാത്ത വേളൂര്‍ എന്ന മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നത്.
അണ്ടോള്‍ കടവില്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്നതിനുള്ള നടപടികള്‍ മുന്നോട്ടുപോകേണ്ട ഘട്ടത്തില്‍ ഭരണകക്ഷിയിലെ രാഷ്ട്രീയ നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തി വേളൂര്‍ ഭാഗത്തിന് അനുകൂലമായ റിപ്പോര്‍ട്ട് തയ്യാറാക്കി ചീഫ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിച്ചതായാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആരോപണം. യഥാര്‍ത്ഥ സ്ഥലത്തെ സാധ്യതകള്‍ പരിശോധിക്കാതെയും പ്രദേശത്തെ വെള്ളപ്പൊക്ക സാഹചര്യം വിലയിരുത്താതെയും തയ്യാറാക്കിയ റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നും കമ്മിറ്റി വ്യക്തമാക്കി. മഴക്കാലത്ത് പുഴയിലെ വെള്ളം വീടുകളിലേക്ക് കയറുന്ന പ്രദേശമാണ് വേളൂര്‍. കരിന്തളം വില്ലേജ് ഓഫീസിലെ വെള്ളപ്പൊക്ക ആനുകൂല്യ പട്ടികയില്‍ 56 കുടുംബങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതായും കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇരുകരകളിലും ആവശ്യമായ അപ്രോച്ച് റോഡ് സൗകര്യമില്ലാത്ത വേളൂര്‍ പ്രദേശത്തെ അനുകൂലിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയതിന്റെ മാനദണ്ഡം വ്യക്തമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. അണ്ടോള്‍ ഭാഗത്ത് ഏകദേശം 65 മീറ്റര്‍ പുഴവീതിയുള്ളതും നിലവിലുള്ള അപ്രോച്ച് റോഡ് സൗകര്യമുള്ളതുമായ സ്ഥലമാണ് തോണി അപകടം നടന്ന കാലങ്ങളായി പാലത്തിന് വേണ്ടി ആവശ്യം ഉന്നയിക്കുന്ന കടവ്. അണ്ടോള്‍ കടവിലെ ഈ യഥാര്‍ത്ഥ സ്ഥലം പരിഗണിക്കാതെയും അവിടെ ഇന്‍വെസ്റ്റിഗേഷന്‍ നടത്താതെയും പദ്ധതി മറ്റൊരു ഭാഗത്തേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം എന്നും ജനങ്ങളുടെ ദീര്‍ഘകാല ആവശ്യവും പൊതുപ്രയോജനവും പരിഗണിച്ച് അണ്ടോള്‍ കടവില്‍ തന്നെ പാലം യാഥാര്‍ത്ഥ്യമാക്കണമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം. വിഷയത്തില്‍ ഇടപെട്ട കാഞ്ഞങ്ങാട് എം.എല്‍.എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെയും കൂട്ടി അണ്ടോള്‍ കടവിലെ യഥാര്‍ത്ഥ നിര്‍ദ്ദിഷ്ട സ്ഥലം സന്ദര്‍ശിച്ചു. അണ്ടോള്‍ ഭാഗത്ത് തന്നെ ഇന്‍വെസ്റ്റിഗേഷന്‍ നടത്തി പാലം നിര്‍മാണ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകണമെന്ന ആവശ്യം എം.എല്‍.എ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി കിനാനൂര്‍-കരിന്തളം, കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ അണ്ടോള്‍ കടവില്‍ തന്നെ ഇന്‍വെസ്റ്റിഗേഷന്‍ നടത്തണമെന്നാവശ്യപ്പെട്ട് പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും പ്രദേശവാസികളുടെയും പൊതുവായ ആവശ്യം അവഗണിച്ച് രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പദ്ധതി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണകക്ഷിയുടെ രാഷ്ട്രീയ സ്വാധീനമല്ല, ജനങ്ങളുടെ അവകാശവും പൊതുതാല്‍പര്യവുമാണ് പാലത്തിന്റെ സ്ഥലം തീരുമാനിക്കേണ്ടത്. നിലവിലുള്ള 9 ലക്ഷം രൂപയുടെ ഭരണാനുമതിയും വര്‍ക്ക് ഓര്‍ഡറും നിലനിര്‍ത്തി അണ്ടോള്‍-പൊതാവൂര്‍ കടവില്‍ തന്നെ അടിയന്തരമായി ഇന്‍വെസ്റ്റിഗേഷന്‍ ആരംഭിക്കണം. അണ്ടോള്‍ കടവില്‍ പാലം യാഥാര്‍ത്ഥ്യമാക്കുന്നതുവരെ ജനകീയ പ്രക്ഷോഭം ശക്തമായി തുടരുമെന്നും ആക്ഷന്‍ കമ്മിറ്റി അറിയിച്ചു. സന്ദര്‍ശനത്തില്‍ കാഞ്ഞങ്ങാട് എം.എല്‍.എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജന്‍, വൈസ് പ്രസിഡന്റ് അനിത, പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ രാജീവന്‍, പിഡബ്ല്യുഡി ഓവര്‍സീയര്‍ സായൂജ്,കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സജിത്ത്, എം. സുരേന്ദ്രന്‍, കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. പി. വി ജാനകി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ ദിവാകരന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ലക്ഷ്മണന്‍, രാജന്‍, ബാലകൃഷ്ണന്‍ പൊതാവൂര്‍,കെ വി ബാബു, ടി വി അശോകന്‍, ബാലകൃഷ്ണന്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ എന്‍. കെ രജീഷ്, ഒ. എം സച്ചിന്‍ അണ്ടോള്‍ – പൊതാവൂര്‍ പ്രദേശങ്ങളിലെ നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.

