കാലമേറെക്കഴിഞ്ഞിട്ടും വയലാറിന്റെ പാട്ടുകള്‍ അമരത്വത്തിലേക്ക് പോവുകയാണ്: സംഗീത രത്നം ഡോ:കാഞ്ഞങ്ങാട് രാമചന്ദ്രന്; ‘ക്രിയേറ്റീവ് കാഞ്ഞങ്ങാട് ‘ 51 മത് വയലാര്‍ സ്മൃതിദിനവും വയലാര്‍ കവിതാ പുരസ്കാര സമര്‍പ്പണവും നടത്തി
കാഞ്ഞങ്ങാട്: വയലാര്‍ രാമവര്‍മ്മയുടെ പാട്ടുകള്‍ കാലമേറെ കഴിഞ്ഞിട്ടും അമരത്വത്തിലേക്ക് പോവുകയാണെന്ന് പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനുമായ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്.
ക്രിയേറ്റീവ് കാഞ്ഞങ്ങാട് കലാ-സാംസ്കാരിക വേദി സംഘടിപ്പിച്ച 51-മത് വയലാര്‍ സ്മൃതിദിനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം. സത്യവും നീതിയും പ്രണയവും തത്വചിന്തയും നിറഞ്ഞു നിന്നതും ആസ്വാദകരെ പ്രചോദിപ്പിക്കുന്നതുമായ പാട്ടുകളാണ് വയലാര്‍ എഴുതിയത്. പത്തു ദിവസം പോലും ആയുസ്സില്ലാത്ത പാട്ടുകളാണിന്ന്, വയലാര്‍ എഴുതി യേശുദാസ് പാടിയില്ലായിരുന്നെങ്കില്‍ പല പാട്ടുകളും ഇന്നും നിലനില്ക്കു
മായിരുന്നില്ല എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കവിതകള്‍ വായിക്കാത്തതിന്റെ പേരില്‍ ആരും മരിക്കാതിരുന്നിട്ടില്ല.പക്ഷേ; വയലാറിന്റെ പാട്ടുകളുടെ സംഗീതത്തിന്റെ ആകാശത്തിലേക്ക് ഇന്നും ആസ്വാദകര്‍ പറന്നുയരുന്നു എന്ന് ക്രിയേറ്റീവിന്റെ വയലാര്‍ പുരസ്കാരം പെരിയ നവോദയ വിദ്യാലയത്തിലെ കെ.എന്‍.
ഹരീഷിന് സമര്‍പ്പിച്ച് കോഴിക്കോട്,കണ്ണൂര്‍ മുന്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.ഖാദര്‍ മാങ്ങാട് പറഞ്ഞു.
പിന്നിട്ട കാലത്തിന്റെ പ്രണയ വേദനകള്‍ വയലാര്‍ പ്രണയ ഗാനങ്ങളില്‍ നിറച്ചു വെച്ചു. ഏറ്റവും കൂടുതല്‍ സ്വപ്നം കാണാനുള്ള കഴിവാണ് വയലാര്‍ നമുക്ക് നല്‍കിയത്. കവിതയ്ക്ക് നഷ്ടമായ തെന്തോ അത് വയലാറിന്റെ ഗാനത്തിന്റെ സമ്പന്നതയായി മാറിയെന്ന് വയലാറിനെ അനുസ്മരിച്ച പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ പല്ലവ നാരായണന് പറഞ്ഞു. ഹോസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ ക്രിയേറ്റീവ് പ്രസിഡണ്ട് സുകുമാര്‍ ആശീര്‍വാദ് അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി വിനോദ് ആവിക്കര സ്വാഗതം പറഞ്ഞു.
ഡോ: എം.ബിനോയ് വയലാര്‍ പുരസ്കാര കവിതകളെ വിലയിരുത്തി സംസാരിച്ചു. മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ ചന്ദ്രന് മാസ്റ്റര്‍, പ്രോഗ്രം കോഡിനേറ്റര്‍ സുരേഷ് പെരിയങ്ങാനം, ക്രിയേറ്റീവ് മുന്‍ പ്രസിഡണ്ട് ജബ്ബാര്‍ കാഞ്ഞങ്ങാട്,എക്സിക്യൂട്ടീവ് അംഗങ്ങളായ എ.ഹമീദ് ഹാജി എന്നിവര്‍ സംസാരിച്ചു. വയലാര്‍ പുരസ്കാര ജേതാവ് ബി.എന്‍.ഹരീഷ് മറുപടി പ്രസംഗം നടത്തി. ക്രിയേറ്റീവ് ട്രഷറര്‍ സത്താര്‍ ആവിക്കര നന്ദി പറഞ്ഞു.
തുടര്‍ന്ന് വേദിയില്‍ വയലാര്‍ ഗാനങ്ങളെ ആസ്പദമാക്കി പ്രശസ്ത നര്‍ത്തകിയും നൃത്താധ്യാപികയുമായ അശ്വതി അഞ്ചാം വയല്‍ ( സ്കൂള്‍ ഓഫ് ഡാന്‍സ് ) നൃത്താവിഷ്കാരവും,ഗായകന് എ.എം.അശോക് കുമാറിന്റെ നേതൃത്വത്തില്‍ വയലാര്‍ സ്മൃതി ഗീതങ്ങളും അരങ്ങേറി. ബാല ഗോപാലന് ഇരിയ അവതാരകനായി.

