പൈപ്പ് പൊട്ടി, വെള്ളം പോയി; 8 മാസമായി ദാഹിച്ച് ചെമ്മട്ടംവയല്‍
കാഞ്ഞങ്ങാട്: ദേശീയപാത വികസനത്തിന്റെ പേരില്‍ കുഴിയെടുത്തപ്പോള്‍ പൊട്ടിയത് ചെമ്മട്ടംവയലിന്റെ ദാഹജലം. മുഖ്യ ജലവിതരണ പൈപ്പ് ലൈന്‍ പൊട്ടി 8 മാസമായിട്ടും നന്നാക്കാത്തതോടെ 500-ഓളം കുടുംബങ്ങള്‍ കുടിവെള്ളം കിട്ടാതെ ദുരിതത്തില്‍. പൈപ്പ് പൊട്ടിയപ്പോള്‍ ചോര്‍ച്ച തടയാന്‍ മാത്രം നടപടിയെടുത്ത അധികൃതര്‍, വെള്ളം പുനഃസ്ഥാപിക്കാന്‍ ഇതുവരെ ഒന്നും ചെയ്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തങ്ങള്‍ക്ക് കിട്ടേണ്ട വെള്ളം പൊട്ടിയ പൈപ്പിന്റെ വിടവിലൂടെ ഒഴുകിപ്പോകുന്നത് നോക്കിനില്‍ക്കാനേ ഇവര്‍ക്ക് കഴിയുന്നുള്ളൂ.
കാഞ്ഞങ്ങാട് നഗരസഭയിലെ 10, 12 വാര്‍ഡുകളിലെ ചെമ്മട്ടംവയല്‍, ബല്ലത്ത്, കുയില്വീട്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, കാനം അത്തിക്കോത്ത്, ശിവജി നഗര്‍, കല്യാണ്‍ റോഡ് തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങളാണ് ദുരിതത്തിലായത്. മഴക്കാലമായതിനാല്‍ ഇപ്പോള്‍ പിടിച്ചുനില്ക്കാനമെങ്കിലും വരാനിരിക്കുന്ന വേനല്‍ ദുരിതകാലമാകുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. റോഡ് വികസനത്തിന്റെ പേരില്‍ മഴക്കാലത്ത് വെള്ളപ്പൊക്കവും വേനല്‍ക്കാലത്ത് കടുത്ത ജലക്ഷാമവും ഒരുപോലെ സഹിക്കേണ്ട ഗതികേടിലാണ് പ്രദേശം.
പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍ ജില്ലാ ഭരണകൂടം ഉള്‍പ്പെടെ നിരവധി കേന്ദ്രങ്ങളില്‍ നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. വേനല്‍ തുടങ്ങും മുന്‍പ് പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് ജനപ്രതിനിധികളും നാട്ടുകാരും മുന്നറിയിപ്പ് നല്കി.

