പാണത്തൂര്‍ കല്ലപ്പള്ളി പെരുമുണ്ടയില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി

പാണത്തൂര്‍: കല്ലപ്പള്ളി പെരുമുണ്ടയില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ്
പെരുമുണ്ട ബീരുതണ്ട് എന്ന സ്ഥലത്ത് റോഡരികില്‍ പുലിയുടെ ജഡം കണ്ടെത്തിയത്. വിവരം അറിഞ്ഞ് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഗ്രേഡ്, സെക്ഷന്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ ശരീരത്തില്‍ പ്രകടമായ മുറിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. വിഷാംശം ഉള്ളില്‍ ചെന്നതാകാമോ മരണകാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയൂയെന്ന് അധികൃതര്‍ അറിയിച്ചു. പുലിയെ കാണുന്നതിനായി വന്‍ ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ചുകൂടി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം എന്‍.ടി.സി.എ. മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പുലിയുടെ ജഡം സംസ്‌കരിക്കും.

 

error: Content is protected !!