പത്താമുദയം വരവായി ; കോലത്തു നാട്ടില്‍ ഇനി ഉത്സവ നാളുകള്‍; പാലക്കുന്ന് ക്ഷേത്രത്തില്‍ തുലാപത്തുത്സവത്തിന് കുലകൊത്തി

പാലക്കുന്ന് : തുലാം പിറന്നതോടെ കോലത്തു നാട്ടിലെ കഴകങ്ങളിലും കാവുകളിലും ക്ഷേത്രങ്ങളിലും പത്താമുദയത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. തുലാ പത്ത് മുതല്‍ കോലധാരികളും വെളിച്ചപ്പാടുകളും ചെണ്ടമേളക്കാരും കളിയാട്ടങ്ങളുടെയും തെയ്യാട്ടങ്ങളുടെയും തിരക്കിലാകും. വടക്കന്‍ കേരളം ഭക്തിയോടെ ആചരിച്ചു വരുന്ന അനുഷ്ഠാനോദയത്തിന് ഇനി പത്തുനാളുകള്‍ കാത്തിരിക്കണം. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ പത്താമുദയ ഉത്സവത്തിന് തുലാസംക്രമ നാളായ ശനിയാഴ്ച്ച കുലകൊത്തി. ഇന്ന് തൊട്ട് പത്താം നാളാണ് ഉത്സവം. ക്ഷേത്രത്തില്‍ കുലകൊത്തി നടങ്ങുന്ന ആദ്യത്തെ ഉത്സവമാണിത്. 26 ന് രാത്രി ഭണ്ഡാര വീട്ടില്‍ നിന്ന് കെട്ടിച്ചുറ്റിയ നര്‍ത്തകന്മാരും തിടമ്പും തിരുവായുധങ്ങളുമായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെടും. 27 ന് പുത്തരിസദ്യ. അന്ന് രാവിലെ നിവേദ്യ സമര്‍പ്പണത്തിന് ശേഷം പത്താമുദയ എഴുന്നള്ളതും അനുബന്ധ ചടങ്ങുകളും ഉണ്ടാകും. അന്നദാനത്തിന് പേരുകേട്ട ക്ഷേത്രത്തില്‍ പുത്തരി ഉണ്ണാന്‍ ആയിരങ്ങള്‍ അന്ന് ക്ഷേത്രത്തിലെത്തും. വൈകിട്ട് തിരിച്ചെഴുന്നള്ളത്തോടെ സമാപിക്കും.

 

error: Content is protected !!