തിരൂര്‍:തിരുവോണ നാളില്‍ ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അസം സ്വദേശി ആര്‍പിഎഫിന്റെയും പോലീസിന്റെയും പിടിയിലായി. അസം സ്വദേശിയായ റോയല്‍ രാജു (30) ആണ് അറസ്റ്റിലായത്. പ്രതിയെ കീഴടക്കുന്നതിനിടെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ കാസര്‍കോട് സ്വദേശിയായ ആര്‍പിഎഫ് എഎസ്ഐ ശശിയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോയമ്പത്തൂര്‍-മംഗലാപുരം ട്രെയിന്‍ ഇന്നലെ ഉച്ചയ്ക്ക് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് വിട്ടശേഷമാണ് സംഭവം. യുവതിയെ ബലമായി കയറിപ്പിടിച്ച പ്രതി ശുചിമുറിയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് വിവരം. എന്നാല്‍ യുവതി സമര്‍ത്ഥമായി പ്രതിരോധിച്ച് കുതറിമാറി രക്ഷപ്പെടുകയായിരുന്നു.തുടര്‍ന്ന് സഹയാത്രികര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ അലര്‍ട്ട് സന്ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ സ്റ്റേഷനില്‍ എത്തിയ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പ്രതിയെ തടഞ്ഞുവയ്ക്കാന്‍ ശ്രമിച്ചു. ഇതിനിടെ അക്രമാസക്തനായ പ്രതി ആര്‍പിഎഫ് എഎസ്ഐ ശശിയുടെ തലയ്ക്കടിച്ച് വീഴ്ത്തി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.ഉടന്‍ തിരൂര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എസ്എച്ച്ഒ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പോലീസിനുനേരെയും അക്രമാസക്തമായി പെരുമാറിയ പ്രതിയെ ഒടുവില്‍ മല്‍പ്പിടിത്തത്തിനൊടുവില്‍ സാഹസികമായി കീഴടക്കുകയായിരുന്നു.ആക്രമണത്തില്‍ പരിക്കേറ്റ ആര്‍പിഎഫ് എഎസ്ഐ ശശി മികച്ച സേവനത്തിനുള്ള 2026-ലെ റെയില്‍ സേവാ പുരസ്കാരം ലഭിച്ച ഉദ്യോഗസ്ഥനാണ്.
