നിത്യാനന്ദ യുവജന സേവാ സമിതി കാഞ്ഞങ്ങാട് സംസ്ഥാനതല പൂക്കളം മത്സരം തിരുവോണ നാളില്‍

കാഞ്ഞങ്ങാട്: നിത്യാനന്ദ യുവജന സേവാ സമിതി കാഞ്ഞങ്ങാട് ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 38 മത് സംസ്ഥാനതല പൂക്കളം മത്സരം തിരുവോണ നാളില്‍ കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ ആശ്രമത്തില്‍ വച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9 മണി മുതല്‍ ഉച്ചക്ക് ഒരുമണിവരെയാണ് പൂക്കളംഒരുക്കാനുള്ള സമയം. വിജയികള്‍ക്ക് കല്ലഞ്ചിറ കെ.ബാലകൃഷ്ണന്റെ സ്മരണാര്‍ത്ഥം നല്‍കുന്ന സ്വര്‍ണക്കപ്പും
38,000 രൂപ ക്യാഷ് അവാര്‍ഡ് സമ്മാനിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 25038 രൂപയും മൂന്നാംസ്ഥാനക്കാര്‍ക്ക് 15038 രൂപയും നാലാം സ്ഥാനത്തിന് 10038 രൂപയും നല്‍കും. 5 മുതല്‍ 10 വരെ സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് 5000 രൂപ വീതവും മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 2500 രൂപ വീതം ക്യാഷ് അവാര്‍ഡും സമ്മാനിക്കും.
1989 ലാണ് ശ്രീ നിത്യാനന്ദ യുവജന സേവാസമിതി രൂപീകൃതമായത് തുടര്‍ച്ചയായി 38 .ആം വര്‍ഷമാണ് പൂക്കളം മത്സരം സംഘടിപ്പിക്കുന്നത്. ആദ്യമായി നടന്ന പൂക്കള മത്സരത്തില്‍ വിജയികള്‍ 35 രൂപയും ചോറ്റുപാത്രവുമാണ് ഒന്നാം സമ്മാനമായി നല്‍കിയിരുന്നത്. 25 രൂപയാണ് രണ്ടാം സമ്മാനമായി നല്‍കിയിരുന്നത്. ഇന്ന് 38000 രൂപയും സ്വര്‍ണ കപ്പുമാണ് ഒന്നാം സ്ഥാനക്കാര്‍ക്ക് നല്‍കുന്നത്. സമിതിയില്‍ 60ല്‍പരംസ്ഥിരം മെമ്പര്‍മാരുണ്ട്.
പൂക്കള മത്സരത്തോട് അനുബന്ധിച്ച് വൈവിധ്യങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. മംഗലാപുരം ടീമിന്റെ പുലിക്കളിയും, മറ്റു വിവിധ കലാപരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നെത്തുന്ന കലാകാരന്മാര്‍ ഒരുക്കുന്ന മത്സരപ്പൂക്കളം കാണാന്‍ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ നിന്നും കര്‍ണാടകയിലെ മംഗലാപുരത്ത് നിന്നും
പതിനായിരങ്ങളാണ് എല്ലാ വര്‍ഷം ആശ്രമത്തില്‍ എത്തിച്ചേരുന്നത്. വൈകിട്ട് 5 ന് നടക്കുന്ന സമ്മാന വിതരണം കഞ്ഞങ്ങാട് എംഎല്‍എ ഗോവിന്ദന്‍ പള്ളിക്കാട്ടില്‍ ഉദ്ഘാടനം ചെയ്യും. സമിതി രക്ഷാധികാരി എച്ച്.ദിനേശന്‍ ഐഎഎസ് ,വാര്‍ഡ് മെമ്പര്‍ ചന്ദ്രന്‍ മാസ്റ്റര്‍ സെക്രട്ടറി കെ വി ഗണേശന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കെ. സുധീര്‍കുമാര്‍, വി. ശ്രീരാമന്‍ , എം വി .ജയദേവ് , കെ രതീഷ് എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!