കാസര്‍കോട് രണ്ടിടങ്ങളിലായി കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

കാസര്‍കോട്: ജില്ലയില്‍ രണ്ടിടങ്ങളിലായി കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. തായലങ്ങാടി സ്വദേശി അബ്ദുല്‍ ഖാദറും ഉളിയത്തടുക്ക നാഷണല്‍ നഗര്‍ സ്വദേശി ഹുസൈനാറുമാണ് പിടിയിലായത്.
സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച 69 ഗ്രാം കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയില്‍.
തായലങ്ങാടി കെ.ഇ വളപ്പില്‍ വീട്ടില്‍ അബ്ദുല്‍ ഖാദര്‍ (56) ആണ് കാസര്‍കോട് കസബ പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി 9.10ഓടെ നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപം വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. നെല്ലിക്കുന്ന് ജങ്ഷന്‍ ഭാഗത്ത് നിന്ന് സ്‌കൂട്ടറില്‍ വരികയായിരുന്ന ഇയാള്‍ പോലീസിനെ കണ്ട് പരിഭ്രാന്തനാകുകയായിരുന്നു. കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞ് പരിശോധിച്ചപ്പോള്‍ സീറ്റിനടിയിലെ സ്റ്റോറേജില്‍ പോളിത്തീന്‍ കവറുകളില്‍ സൂക്ഷിച്ച നിലയില്‍ 69.510 ഗ്രാം കഞ്ചാവ് കണ്ടെത്തി. ഇയാള്‍ക്കെതിരെ മുന്‍പും കാസര്‍കോട് സ്റ്റേഷനില്‍ നിരവധി എന്‍.ഡി.പി.എസ് കേസുകളുണ്ട്. കഞ്ചാവും കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. സീനിയര്‍ സി.പി.ഒ ശ്രീജിത്ത്, സി.പി.ഒമാരായ സിനീഷ്, ജെയിംസ്, ഷാഡോ പോലീസിലെ വിഷ്ണു, ജിഷ്ണു, ശ്രീരാഗ്, റെജില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. മറ്റൊരു സംഭവത്തില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തുള്ള ലോഡ്ജിന് സമീപത്ത് നിന്ന് 21.020 ഗ്രാം കഞ്ചാവുമായി ഉളിയത്തടുക്ക നാഷണല്‍ നഗര്‍ ആയിഷ മന്‍സിലില്‍ താമസിക്കുന്ന ഹുസൈനാര്‍ പി.എം (40) പിടിയിലായി. ചൊവ്വാഴ്ച വൈകിട്ട് 4.15ഓടെ തളങ്കര ഭാഗത്ത് എസ്.ഐ മനു പി.വിയുടെ നേതൃത്വത്തില്‍ പട്രോളിംഗിനിടെയാണ് പിടികൂടിയത്. ഫോര്‍ട്ട് ഇന്‍ ലോഡ്ജിന് സമീപം നില്‍ക്കുകയായിരുന്ന ഇയാള്‍ പോലീസ് വാഹനം കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ പാന്റിന്റെ പോക്കറ്റില്‍ നിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. എന്‍.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. സീനിയര്‍ സി.പി.ഒമാരായ വിജേഷ്, ശ്രീജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

error: Content is protected !!