കാഞ്ഞങ്ങാട്: ഒല ഇലക്ട്രിക് വാഹനത്തിലെ പ്രശ്‌നങ്ങളില്‍ പരാതിപ്പെട്ട കാഞ്ഞങ്ങാട് വനവകുപ്പ് ജീവനക്കാരന്‍ ജി. എ. ജിതിന് കാസര്‍കോട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അനുകൂല വിധി. നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടെ 1,31,000 രൂപ ജിതിന് ലഭിച്ചു. വാഹനവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളും അതുമൂലം ഉണ്ടായ സാമ്പത്തിക നഷ്ടവും മാനസിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയാണ് ജിതിന്‍ ഈ വര്‍ഷം ജനുവരിയില്‍ കാസര്‍കോട് ജില്ലാ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത്. കേസ് പരിഗണിച്ച കോടതി 2026 ജൂലൈ 30ന് വിധി പ്രഖ്യാപിച്ചു. വിധിയില്‍ പരാതിക്കാരന് ലഭിക്കേണ്ട തുക നല്‍കാന്‍ ഒല ഇലക്ട്രിക്കിനോട് കോടതി നിര്‍ദേശിച്ചു. കോടതി ഉത്തരവനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ 1,31,000 രൂപ ജിതിന്റെ ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചു. ഉപഭോക്താവിന് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളും സാമ്പത്തിക നഷ്ടവും പരിഗണിച്ചാണ് കോടതി അനുകൂല വിധി പുറപ്പെടുവിച്ചതെന്ന് പരാതിക്കാരന്‍ പറഞ്ഞു.
