ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി; ഡി.വൈ.എഫ്.ഐ കാസര്‍കോട് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉത്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുക, മരുന്ന് ക്ഷാമം പരിഹരിക്കുക, നിര്‍ത്തലാക്കിയ ഒ. പി. പുനരാരംഭിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കൂളിയങ്കാലില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് ജില്ലാ ആശുപത്രിക്കു സമീപത്തെ ജില്ല മെഡിക്കല്‍ ഓഫീസില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ഡിവൈഎഫ്‌ഐ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് കുത്തകള്‍ക്ക് ആരോഗ്യരംഗം തീറെഴുതി കൊടുക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ് മുഖ്യമന്ത്രി വി. ഡി. സതീശന്റെയും ആരോഗ്യമന്ത്രി കെ മുരളീധരന്റെയും നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നതെന്ന് രജീഷ് പറഞ്ഞു. സ്വകാര്യ കുത്തക മുതലാളിമാരുടെ പിണിയാളവുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും രജീഷ് കുറ്റപ്പെടുത്തി. ഗവണ്‍മെന്റ് ആശുപത്രികള്‍ക്ക് പൂട്ടിടാനാണ് യുഡിഎഫ് സര്‍ക്കാറിന്റെ ശ്രമം എങ്കില്‍ അത് എന്ത് വിലകൊടുത്തും ഡി.വൈ.എഫ്.ഐ തടയുമെന്നും ജനകീയ സമരത്തിലൂടെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് യതീഷ് വാരിക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് എം. വി. രതീഷ്,ജില്ലാ ജോയിന്റ് സെക്രട്ടറിവി. ഗിനീഷ്, ജില്ലാ കമ്മിറ്റി അംഗം ഋഷിത സി. പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി സുജിത്ത് മോനാച്ച സ്വാഗതം പറഞ്ഞു. പ്രതിഷേധ യോഗത്തിന് ശേഷം ഡി.വൈ.എഫ്.ഐ ഭാരവാഹികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ കണ്ട് ജില്ലയിലെ ആരോഗ്യ മേഖലയില്‍ നിലനില്‍ക്കുന്ന വിഷയങ്ങള്‍ ധരിപ്പിക്കുകയും പ്രശ്‌നപരിഹാരത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിക്കുകയും ചെയ്തുവെന്ന് ഭാരവാഹികള്‍ പറഞ്ഞു.

 

error: Content is protected !!