കാഞ്ഞങ്ങാട്: ശാരീരിക രോഗത്തിന് അടിമയായ അമ്മ. തലയ്ക്ക് മുകളില്‍ വെയിലും മഴയും മാത്രം. ദാരിദ്ര്യം നിത്യസഹചരന്‍. എന്നിട്ടും അവള്‍ തോറ്റില്ല. പുഞ്ചിരിയോടെ ജീവിതത്തെ നേരിട്ടു. കനല്‍ വഴികള്‍ താണ്ടി.
ഇന്ന് ആ പെണ്‍കുട്ടി കാക്കി അണിഞ്ഞു. പെരിയ ചാലിങ്കാലിലെ സി. രാജി (23) ഇന്നലെ കേരള പോലീസ് സേനയുടെ ഭാഗമായി.നാനേ ചെറുപ്രായത്തില്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ടതോടെ മാവില സമുദായത്തില്‍പ്പെട്ട രാജിയുടെയും അമ്മ സി. രാധയുടെയും ലോകം ഇരുണ്ടു. നിത്യരോഗവും ദാരിദ്ര്യവും അമ്മയെ ശാരീരികമായും മാനസികമായും തളര്‍ത്തി. അമ്മയും മകളും കഴിഞ്ഞത് ഒറ്റമുറി കൂരയിലാണ്. പട്ടിണിയും പരിഹാസവും സഹിച്ചാണ് പഠനം. ചാലിങ്കാല്‍, പെരിയ സ്‌കൂളുകളില്‍ നിന്ന് പ്ലസ്ടു പൂര്‍ത്തിയാക്കി. ശ്രീനാരായണ കോളേജില്‍ നിന്നും ഡിഗ്രിയും പാസായി. നല്ലൊരു ജോലി എന്ന സ്വപ്നവുമായി ഇരിട്ടിയിലെ പ്രഗതി കോച്ചിംഗ് സെന്ററില്‍ പി എസ് സി പഠനത്തിന് ചേര്‍ന്നു. പി എസ് സിയുടെ നിരവധി പരീക്ഷകള്‍ എഴുതി. പരാജയപ്പെട്ടു. വീണ്ടും എഴുതി. ഫോറസ്റ്റ് വകുപ്പിലും, എല്‍ ഡി സി റാങ്ക് ലിസ്റ്റിലും പേര് വന്നു. പക്ഷേ രാജി കാത്തിരുന്നത് പോലീസിനു വേണ്ടിയായിരുന്നു.
ഒമ്പത് മാസത്തെ കഠിന പരിശീലനത്തിന് ശേഷം, ഇന്നലെ തിരുവനന്തപുരത്ത് നടന്ന പാസിംഗ് ഔട്ട് പരേഡില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ രാജി ഔദ്യോഗികമായി കേരള പോലീസ് സേനയുടെ ഭാഗമായി. ‘എനിക്ക് ആരുമില്ലെന്ന് തോന്നിയ നാളുകളുണ്ട്. പക്ഷേ പഠിത്തം മാത്രമായിരുന്നു വഴി. ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്നങ്ങള്‍ക്ക് ചിറകുണ്ട് എന്ന് തെളിയിക്കണം എന്ന് ആഗ്രഹിച്ചു’ – രാജി പറയുന്നു.
