.തായന്നൂര്‍: അടിമപ്പണിയുടെ കഥകളും, ജന്മിക്കെതിരെ പ്രതിഷേധിച്ചതിന് കുണ്ടത്തില്‍ കെട്ടിയിട്ട് തല്ലിയ ഓര്‍മ്മകളും പങ്കുവെച്ച് മൂപ്പന്‍മാരും മൂപ്പത്തിമാരും. തായന്നൂര്‍ ഗോത്രബന്ധു വികസന സമിതി സംഘടിപ്പിച്ച ഊരുത്സവത്തിന്റെ ഭാഗമായുള്ള ‘നാട്ടുപയമ’ വൈകാരിക നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.
വേങ്ങച്ചേരി ഊരിലെ താത്കാലിക കുടിലിന് മുന്നില്‍ ഒരിക്കല്‍ക്കൂടി കൂട്ടം ചേര്‍ന്നാണ് മൂപ്പന്‍മാര്‍ തങ്ങളുടെ ജീവിതം പറഞ്ഞത്. ‘എഡെ പുതാര്‍ഡിയെദത്ത് നമ്മെഗ് ച്വാതന്ത്ര മ്മ്ണ്ടെരി. നമ്മന ദേസട്ട്ള്ള ചെമ്മി ലപ്പ്ഗ്ണ പുതെറെ ഇടിയെ പറ്റൂ’ (നല്ല പേരിടാന്‍ നമുക്ക് സ്വാതന്ത്ര്യമില്ലായിരുന്നു, പ്രദേശത്തെ ജന്മി വിളിക്കുന്ന പേരാണ് ഇടുക) – കാരിക്കുട്ടി മൂപ്പന്‍ കറുമ്പന്‍, ചെരുമ്പന്‍, കാരിച്ചി, ചിറ്റ, വള്ളി, അച്ചെ എന്നീ പേരുകള്‍ ചൂണ്ടിക്കാട്ടി പറഞ്ഞു.
നാട്ടിപ്പാട്ടുകളുടെ അര്‍ത്ഥം പറഞ്ഞ് ചിറ്റമ്മയും, പുതിയ വസ്ത്രം വാങ്ങിയതറിഞ്ഞ് അത് വാങ്ങിയ തമ്പ്രാന്‍ ചേറില്‍ മുക്കി ഉടുക്കാന്‍ തന്ന കഥ പറഞ്ഞ് ചോയിച്ചി അമ്മയും, മൂന്ന് നാള്‍ നീണ്ടുനില്‍ക്കുന്ന മംഗലംകളി പാട്ടിന്റെ കഥ പറഞ്ഞ് കൊച്ചുവെളുത്താന്‍ മൂപ്പനും ഓര്‍മ്മകള്‍ പങ്കുവെച്ചു. കുറ്റിയടുക്കം ഊരിലെ കല്ലളന്‍ മൂപ്പന്‍ അടിമപ്പണിക്കും ജന്മിക്കുമെതിരെ പ്രതിഷേധിച്ചപ്പോള്‍ കുണ്ടത്തില്‍ കെട്ടിയിട്ട് തല്ലിയ ഓര്‍മ്മ പങ്കുവെച്ചു. പണിക്ക് പോകാത്തതിന് ചളിക്കണ്ടത്തില്‍ ജീവനോടെ ചവിട്ടിത്താഴ്ത്തി കൊന്ന കറുത്തവന്റെ ചരിത്രവും വികാരപരമായി പറഞ്ഞു. പഴയകാല ഭക്ഷണരീതി, നാട്ടുചികിത്സ, ഐതിഹ്യം, പ്രകൃതി സംരക്ഷണം എന്നിവയും ഒരു രാത്രി മുഴുവന്‍ നീണ്ട നാട്ടുപയമയില്‍ വിദ്യാര്‍ത്ഥികളടക്കമുള്ള പുതിയ തലമുറയ്ക്ക് മുന്നില്‍ അവര്‍ പങ്കുവെച്ചു.സിനിമാ പ്രവര്‍ത്തകന്‍ ചന്ദ്രു വെള്ളരിക്കുണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പന്‍ വി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഗോത്രകവികളും ഗവേഷകരുമായ ധന്യ വേങ്ങച്ചേരി, സീന തച്ചങ്ങാട്, ഗ്രീഷ്മ കണ്ണോത്ത് എന്നിവര്‍ മോഡറേറ്റര്‍മാരായി.
