പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ പത്താമുദയം ഉത്സവത്തിനെത്തുന്ന ആയിരങ്ങള്‍ക്ക് വിളമ്പുന്ന സമൂഹ പുത്തരി സദ്യ, ധനു, മകര മാസ കലംകനിപ്പ് നിവേദ്യം, മറ്റു വിശേഷാല്‍ ചടങ്ങുകള്‍ക്കും വേണ്ടി കേന്ദ്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ നടന്ന ഞാറിടല്‍ ഉത്സവമായി. ഉദുമ കണ്ണികുളങ്ങര വലിയവീട് തറവാടിന് സമീപത്ത് ഒരു മാസം മുന്‍പ് വിത്തിറക്കിയ ഒരേക്കറോളം വരുന്ന വയലില്‍ നടന്ന ഞാറ് നടീല്‍ ഉത്സവം ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അഡ്വ. കെ.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാതൃസമിതി പ്രസിഡന്റ് മിനി ഭാസ്‌കരന്‍ അധ്യക്ഷയായി. ക്ഷേത്ര ഭരണ സമിതി ഭാരവാഹികളായ കൃഷ്ണന്‍ ചട്ടഞ്ചാല്‍, കെ.വി.അപ്പു, പി. കെ.രാജേന്ദ്രനാഥ്, കെ. വി. ഗിരീഷ് ബാബു, പ്രദീപ് പള്ളിക്കര , കൃഷി ഓഫീസര്‍ പി. വി. വിനോദ്, പടശേഖര സമിതി സെക്രട്ടറിയും മുന്‍ ക്ഷേത്ര പ്രസിഡന്റുമായ ഉദയമംഗലം സുകുമാരന്‍, വാര്‍ഡ് അംഗം കൃഷ്ണന്‍ പള്ളം, ഒന്നാം കിഴക്കേക്കര പ്രാദേശിക സമിതി പ്രസിഡന്റ് കെ. വി. രാഘവന്‍, ഉഷ ഭാസ്‌കരന്‍, ദേവകി സുരേഷന്‍, സുനിത ബാബു, പുഷ്പ ദാസന്‍ എന്നിവര്‍ സംസാരിച്ചു. നാടിന്റെ ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യവും പഠനവുമായി ബന്ധപ്പെടുത്തി നടത്തുന്ന നെല്‍കൃഷിയെ നേരിട്ടറിയാന്‍ ചട്ടഞ്ചാല്‍ എം.ഐ.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രൈമറി ക്ലാസ്സിലെ 130 കുട്ടികള്‍ ചെമ്മനാട് പഞ്ചായത്ത് വാര്‍ഡ് അംഗങ്ങളായ മുഫീദ സാവദ്, മിനി ശിവകുമാര്‍, അധ്യാപിക എം. ശരണ്യ എന്നിവരുടെ നേതൃത്വത്തില്‍ വയലില്‍ എത്തിയിരുന്നു . ഞാറിടല്‍ ഉത്സവത്തില്‍ പങ്കെടുത്തവര്‍ക്കും കൃഷിരീതി കണ്ടു പടിക്കാനെത്തിയ കുട്ടികള്‍ക്കും കണ്ണികുളങ്ങര വലിയ വീട് തറവാട്ടില്‍ ഒന്നാം കിഴക്കേക്കര പ്രാദേശിക സമിതിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ തേങ്ങ ചമ്മന്തിയും , ചെമ്മീന്‍ ചമ്മന്തിയും ചേര്‍ത്ത കുത്തിയരി കഞ്ഞിയും വിളമ്പി.
