കുമ്പള: കുടുംബത്തെ ബന്ദിയാക്കി 42 പവന് സ്വര്‍ണവും കാല്‍ലക്ഷം രൂപയും കവര്‍ന്ന കേസില്‍ 14 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശിയായ സംബ്യ അസീസ് എന്ന അബ്ദുള്‍ അസീസ് (58) ഇന്ന് രാവിലെ പുത്തൂരില്‍ നിന്ന് കാസര്‍കോട് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. മധുസൂദനന് നായരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
2012 ഡിസംബര്‍ 22നാണ് കൊള്ള നടന്നത്. കുമ്പള അനില്‍ കുംബ്ലെ റോഡില്‍ താമസിക്കുന്ന മംഗളൂരു ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്ററായ രാജേഷ് ഷേണായി (44)യുടെ വീട്ടിലായിരുന്നു സംഭവം. അന്ന് രാത്രി 7.45ഓടെ മുഖംമൂടി ധരിച്ചെത്തിയ സംഘം വീടിനകത്ത് വാതില്‍ തള്ളിത്തുറന്ന് രാജേഷ് ഷേണായിയെയും കുടുംബാംഗങ്ങളെയും ആയുധം കാട്ടി ബന്ദികളാക്കി. സ്വര്‍ണവും പണവും ആവശ്യപ്പെട്ടെങ്കിലും പണമില്ലെന്ന് പറഞ്ഞതോടെ രാജേഷിന്റെ മുഖത്തേക്ക് ദ്രാവകം സ്പ്രേ ചെയ്ത് ബോധരഹിതനാക്കി. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ കൈകള്‍ പിന്നില്‍ കെട്ടി വായ പ്ലാസ്റ്റര്‍ ഒട്ടിച്ചശേഷം അവര്‍ ധരിച്ചിരുന്ന ആഭരണങ്ങളും അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും കവര്‍ന്ന് സംഘം കടന്നു കളയുകയായിരുന്നു. രാത്രി 9 മണിക്ക് ഗൃഹപ്രവേശന ചടങ്ങിലേക്ക് ക്ഷണിക്കാന്‍ എത്തിയ കുടുംബ സുഹൃത്തായ ഡോ. വാണിയാണ് വീട്ടില്‍ നടന്ന കൊള്ള പുറത്തറിയിച്ചത്. കേസില്‍ നേരത്തെ പത്ത് പ്രതികളെ അറസ്റ്റ് ചെയ്തു. മറ്റ് നാല് പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍മാരായ ശ്രീകുമാര്‍, സഞ്ജയ്, എസ്.ഐമാരായ രവീന്ദ്രന്, പ്രമോദ്, വിനോദ്, പോലീസുകാരായ ഗോപന്, രാജീവന്, രാജേഷ് മടിക്കൈ, ഡ്രൈവര്‍ രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
