ജില്ലാ ലൈബ്രറി കൗണ്‍സില്‍ മന്ദിരം ഒരുങ്ങി : ഉദ്ഘാടനം 20 ന്; ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണ്‍ നാടിന് സമര്‍പ്പിക്കും

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആസ്ഥാനമന്ദിര നിര്‍മ്മാണം കാഞ്ഞങ്ങാട് മേലാങ്കോട്ട് പൂര്‍ത്തിയായി. 20ന് ഉച്ചയ്ക്ക് 2 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണ്‍
നാടിന് സമര്‍പ്പിക്കും റവന്യൂവകുപ്പ് മേലാങ്കോട്ട് റോഡരികില്‍ ലീസിനുനല്‍കിയ 5 സെന്റ് സ്ഥലത്ത് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ഗ്രാന്റ്‌റ് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.ജില്ലയില്‍ ഗ്രന്ഥശാല പ്രസ്ഥാനത്തിന് അടിത്തറപാകിയ മഹത്വ്യക്തികളില്‍ പ്രമുഖനായ വിദ്വാന്‍ കെ.കെ.നായരുടെ സ്മരണയ്ക്കുവേണ്ടി കുടുംബാംഗങ്ങള്‍ നല്‍കിയ സാമ്പത്തിക സഹായത്തോടെ ഹോസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൂടി ഈ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. വിദ്വാന്‍.കെ.കെ.നായര്‍ ഹോസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി എന്നായിരിക്കും ഇത് അറിയപ്പെടുക. കൗണ്‍സിലിന്റെ അംഗീകാരം ഇതിനകം ലഭിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് എം.എല്‍.എ ബഹു ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യാതിഥിയായിരിക്കും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. മധു ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഓഫീസ് ഉദ്ഘാടനവും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.ധര്‍മ്മരാജ് അടാട്ട് വിദ്വാന്‍ കെ.കെ. നായര്‍ ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി ഉദ്ഘാടനവും നിര്‍വ്വഹിക്കും. കാസര്‍കോട് ജില്ലയിലെ എം.എല്‍.എ മാരായ എ.കെ.എം. അഷറഫ്, കല്ലട്രമാഹിന്‍, കെ.നീലകണ്ഠന്‍, സന്ദീപ് വാര്യര്‍ എന്നിവര്‍ പ്രസംഗിക്കും. കാഞ്ഞങ്ങാട് നഗരസഭചെയര്‍മാനും സംഘാടക സമിതി അധ്യക്ഷനുമായ വി.വി. രമേശന്‍ സ്വാഗതം പറയും. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുജാത, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുന്‍ സെക്രട്ടറി അഡ്വ.പി. അപ്പുക്കുട്ടന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ മുന്‍ പ്രസിഡണ്ട് കെ.വി. കുഞ്ഞിരാമന്‍, ഗ്രന്ഥാലോകം ചീഫ് എഡിറ്റര്‍ പിവികെ പനയാല്‍, വിദ്വാന്‍ കെ.കെ. നായരുടെ സഹധര്‍മ്മിണി യു.പി. വിമല, ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് സുനില്‍ പട്ടേന, സെക്രട്ടറി പി.വേണുഗോപാലന്‍ എന്നിവര്‍ സംസാരിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് പി ദിലീപ് കുമാര്‍ നന്ദിപറയും. സ്വന്തമായ ജില്ലാ ആസ്ഥാനം ഉണ്ടാവുക എന്നത് അഭിമാനകരമായ ഒരു കാര്യമാണ് കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ജില്ലകള്‍ക്ക് ഇപ്പോള്‍ ആസ്ഥാനമന്ദിരമുണ്ട്. ഏഴാമത്തെ ജില്ലയായി കാസര്‍കോടും സ്ഥാനം പിടിച്ചിരിക്കുന്നു. ജില്ലയിലെ നാല് താലൂക്കുകളില്‍ വെളളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സിലിന് ഇതിനകം ആസ്ഥാനമന്ദിരം നിര്‍മ്മിച്ചുകഴിഞ്ഞു. ഇപ്പോള്‍ ഹൊസ്ദുര്‍ഗ് താലൂക്കും വാടക കെട്ടിടത്തില്‍ നിന്നും മുക്തി നേടുകയാണ്. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകള്‍ക്ക് വേണ്ട കെട്ടിട നിര്‍മ്മാണം ആലോചനയിലാണ് .കാസര്‍കോട് ജില്ലയില്‍ ഇപ്പോള്‍ 531 അംഗീകൃത ലൈബ്രറികളുണ്ട്. ഈ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലൈബ്രറികള്‍ ഉണ്ടായിരിക്കുന്നത് നമ്മുടെ ജില്ലയിലാണ് (29). വാര്‍ത്ത സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍
വി.വി.രമേശന്‍ , കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുന്‍ സെക്രട്ടറി അഡ്വ. പി അപ്പുകുട്ടന്‍, കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.ദിലീപ്കുമാര്‍, കണ്‍വീനര്‍ ഡോ.പി.പ്രഭാകരന്‍, കേരളസ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പിവികെ പനയാല്‍, താലൂക്ക് പ്രസിഡന്റ് സുനില്‍ പട്ടേന , സെക്രട്ടറി പി. വേണുഗോപാലന്‍, പപ്പന്‍ കുട്ടമ്മത്ത്, സുനീഷ് കക്കാട്ടി എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!