പാലക്കുന്ന് : മഴക്കാലം തുടങ്ങിയാല്‍ റോഡിലൂടെ മലിനജലം ഒഴുകി വൃത്തികേടാകുന്ന അവസ്ഥയ്ക്ക് ആശ്വാസമെന്നോണം പൊതുമരാമത്ത് വകുപ്പ് പാലക്കുന്ന് ടൗണില്‍ ഓവുചാല്‍ നവീകരണ പ്രവൃത്തികള്‍ തുടങ്ങി. ഏറെ വര്‍ഷമായി സംസ്ഥാന പാതയില്‍ പാലക്കുന്ന് ടൗണിന്റെ പടിഞ്ഞാര്‍ ഭാഗത്തെ ഓവുചാലുകളില്‍ മാലിന്യം കുമിഞ്ഞു കൂടി മലിനജലം റോഡിലേക്ക് ഒഴുകുന്ന സ്ഥിതിയാണിവിടെ. ചാലില്‍ കെട്ടി നില്ക്കുന്ന മലിനജലം പഴകി ദ്രവിച്ച സ്ലാബുകള്‍ക്കിടയിലൂടെ റോഡിലേക്ക് ഒഴുകും. താഴ്ന്ന ഇടങ്ങളില്‍ മലിന ജലം കെട്ടികിടന്നപ്പോള്‍ പാലക്കുന്ന് – കപ്പണക്കാല്‍ റോഡു വഴിയിലൂടെ കാല്‍നട യാത്ര മഴക്കാലത്ത് ദുരിതപൂര്ണമായിതുടരുകയാണ്. അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കും , കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബിലേക്കും ആ കെട്ടിടത്തിലെ വാടകക്കാര്‍ക്കും സമീപ വാസികള്‍ക്കും കപ്പണക്കാല്‍, കാപ്പില്‍ ഭാഗത്തെ സ്ഥിരം താമസക്കാര്‍ക്കും മഴക്കാലം ദുരിതകാലമായിമാറുന്ന കാഴ്ച പതിവായി തുടരുകയാണ്. അഴുക്കുചാലിന്റെ നിര്‍മാണം പൂര്‍ണമായും പൂര്‍ത്തിയാകുന്നതോടെ ഈ ദുരിതത്തിന് മോചനമുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. സംസ്ഥാന പാതയും അതുമായി ബന്ധപ്പെട്ട അഴുക്കു ചാലുകളും പൊതുമരാമത്ത് വകുപ്പിന്റെ കീഴിലായതിനാല്‍ പഞ്ചായത്തും നിസ്സഹായരായിരുന്നു.
അംബിക സ്കൂളിന്റെ ഇടപെടല്‍
അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കുള്ള കുട്ടികളുടെ പോക്ക് വരവ് പോലും ദുഷ്കരമായപ്പോള്‍ പോയ വര്‍ഷം ഇതേ സീസണില്‍ പ്രിന്‍സിപ്പലിന്റെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് പൊതു മരാമത്ത് വകുപ്പില്‍ നിന്നുള്ള കരാര്‍ ജോലിക്കാര്‍ സ്കൂള്‍ പ്രവേശന കവാടം മുതല്‍ സ്കൂള്‍ മതിലിനോട് ചേര്‍ന്നുള്ള ചാലിലെ മാലിന്യം നീക്കം ചെയ്യാതെ പഴകി പൊളിഞ്ഞ സ്ലാബുകള്‍ ചാലിന് മുകളിലിട്ട് തടിതപ്പി. അത്രയെങ്കിലും ആയല്ലോ എന്നതില്‍ പ്രിന്‍സിപ്പലും മാനേജ്മെന്റും അന്ന് താല്‍ക്കാലിക ആശ്വാസം കണ്ടെത്തി.
സംസ്ഥാന പാതയിലെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട ജോലികള്‍ കാസര്‍കോടിനും കാഞ്ഞങ്ങാടിനും മധ്യേ ആരംഭിച്ചതിന്റെ ഭാഗമായാണ് ആവശ്യമായ ഇടങ്ങളില്‍ ഓവുചാലുകളുടെ ജോലിയും ഇപ്പോള്‍ നടന്നു വരുന്നത് . മാലിന്യം പൂര്‍ണമായും നീക്കി ഒരു മീറ്ററോളം അകം വീതിയിലും ഉയരത്തിലും തറയിലും വശങ്ങളിലും കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ച ശേഷം മുകളില്‍ പുതിയ കോണ്‍ക്രീറ്റ് സ്ലാബുകള്‍ പാകുമെന്നാണ് അറിയുന്നത്. പാലക്കുന്ന് മത്സ്യമാര്‍ക്കറ്റ് മുതല്‍ ജുമാമസ്ജിദ് റോഡുവരെ ഓവുചാലുകള്‍ പൊതുമരാമത്ത് പൂര്‍ത്തിയാക്കിയാല്‍ റോഡില്‍ നിന്ന് പടിഞ്ഞാര്‍ ഭാഗത്തേക്കുള്ള ഓവുചാല്‍ ജോലി പഞ്ചായത്ത് നടത്തുമെന്നാണ് അന്നത്തെ ഭരണസമിതി പറഞ്ഞിട്ടുള്ളത്.
ഏറെ വര്‍ഷമായി മഴക്കാലമായാല്‍ ടൗണും റോഡും വൃത്തികേടാകുന്ന അവസ്ഥയ്ക്ക് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ പരാതി.
അഴുക്ക് ചാലിന് പുതിയ സ്ലാബിടല്‍ പൂര്‍ത്തിയായാല്‍ അതിന് മുകളില്‍ നോണ്‍ സ്കിഡ് ടൈല്‍സ് പാകി കൈവരികള്‍ സ്ഥാപിച്ചാല്‍ തിരക്കേറിയ ടൗണില്‍ ഇത് ഭംഗിയുള്ള നടപ്പാതയായി മാറുമെന്നും തൊട്ടടുത്ത സ്കൂളിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ടൗണിലെത്തുന്നവര്‍ക്കും സുരക്ഷയോടെ യാത്ര ചെയ്യാനാകുമെന്നും വാര്‍ഡ് അംഗം കാപ്പില്‍ മുഹമ്മദ് ഷിയാസ് പറഞ്ഞു .
കോട്ടിക്കുളം മുതല്‍ പഞ്ചായത്ത് ഓഫീസ് വരെയും പുതിയാരം മുതല്‍ പഞ്ചായത്ത് ഓഫീസ് വരെയും അഴുക്കുചാല്‍ സംവിധാനം നടപ്പാക്കി അവ തമ്മില്‍ ബന്ധപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
