ലോക ചാമ്പ്യന്മാരെ വിറപ്പിച്ച് വെര്‍ദേ..; 2-3 അര്‍ജന്റീനക്ക് ജയം

മയാമി: അടിക്ക് തിരിച്ചടി കണ്ട, നെഞ്ചിടിപ്പേറ്റിയ പോരാട്ടത്തിനൊടുവില്‍ അര്‍ജന്റീന പ്രീ-ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ഒരു ഘട്ടത്തില്‍ പിന്നിലായ ശേഷം ഉഗ്രന്‍ പ്രകടനത്തോടെ തിരിച്ചടിച്ച കേപ് വെര്‍ദെ, ശക്തരായ അര്‍ജന്റീനയെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. അര്‍ജന്റീനയ്ക്കായി സൂപ്പര്‍ താരം ലയണല്‍ മെസ്സി, ലിസാന്‍ഡ്രോ മാര്‍ട്ടിനസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഡിനെയുടെ സെല്‍ഫ് ഗോളും അര്‍ജന്റീനയ്ക്ക് നേട്ടമായി. കേപ് വെര്‍ദെയുടെ പോരാട്ടം ഡിറോയ് ഡ്വാര്‍ട്ടെ, സിഡ്നി ലോപ്പസ്കബ്രാള്‍ എന്നിവരുടെ ഗോളുകളിലൂടെയായിരുന്നു.

ത്രില്ലര്‍ പോരാട്ടത്തിനൊടുക്കമാണ് നിലവിലെ ചാമ്പ്യന്മാരുടെ കഷ്ടിച്ചുള്ള ജയം (3-2).ടൂര്‍ണമെന്റിലെ കേപ് വെര്‍ദെയുടെ ആദ്യ തോല്‍വികൂടിയാണിത്. കളിയുടെ 28-ാം മിനിറ്റില്‍ ലോങ് ബോള്‍ മനോഹരമായി നിയന്ത്രിച്ചെടുത്ത് ലയണല്‍ മെസ്സി നേടിയ തകര്‍പ്പന്‍ ഗോളിലൂടെ അര്‍ജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 59-ാം മിനിറ്റില്‍ റയാന്‍ മെന്‍ഡിസിന്റെ ക്രോസില്‍നിന്ന് ഡ്വാര്‍ട്ടെ വലകുലുക്കിയതോടെ കേപ് വെര്‍ദെ ഒപ്പമെത്തി. നിശ്ചിത സമയത്ത് സ്‌കോര്‍ 1-1 ആയതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.
കേപ് വെര്‍ദെയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ പതറിയ ലോകചാമ്പ്യന്മാര്‍ ഒടുവില്‍ കടുത്ത സമ്മര്‍ദത്തിനൊടുവിലാണ് ജയം പിടിച്ചെടുത്തത്. എക്സ്ട്രാ ടൈമിന്റെ മൂന്നാംമിനിറ്റില്‍ കോര്‍ണറില്‍നിന്ന് ലഭിച്ച പന്ത് ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് വലയിലെത്തിച്ച് അര്‍ജന്റീനയ്ക്ക് ലീഡ് നല്‍കി (2-1). എന്നാല്‍
വിട്ടുകൊടുക്കാന്‍ ഭാവമില്ലാതിരുന്ന കേപ് വെര്‍ദെ 14-ാം മിനിറ്റില്‍ സിഡ്നി ലോപ്പസിന്റെഒരു ലോങ് റേഞ്ച്ഷോട്ടിലൂടെ വീണ്ടും അര്‍ജന്റീനയെ ഞെട്ടിച്ചു (2-2).
ഒടുവില്‍ എക്സ്ട്രാ ടൈമിന്റെ 21-ാം മിനിറ്റില്‍ ഒരു കോര്‍ണറില്‍നിന്നുള്ള ഡിനെയുടെ ഓണ്‍ ഗോളില്‍ അര്‍ജന്റീന രക്ഷപ്പെടുകയായിരുന്നു. കളിയിലുടനീളം മിന്നും സേവുകളുമായി
തിളങ്ങിയ കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വൊസിന്യയുടെ പ്രകടനം അര്‍ജന്റീനയെ വിറപ്പിച്ചു. പ്രീക്വാര്‍ട്ടറില്‍ ഈജിപ്താണ് ഇനി അര്‍ജന്റീനയുടെ എതിരാളികള്‍.

error: Content is protected !!