ബേക്കല്‍: 17 വയസുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ ബേക്കല്‍ പോലീസ് അഞ്ച് പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ അഞ്ച് പ്രതികളില്‍ മൂന്ന് പേരെ വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവര്‍ കൂട്ടപ്പുന്ന സ്വദേശിയായ നൗഷാദ് (39), പെരുമ്പള സ്വദേശിയായ ശരീഫ് (40), കോട്ടിക്കുളം സ്വദേശിയായ സാലിഖ് (29) എന്നിവരാണ്.
നൗഷാദും ശരീഫും ഓട്ടോ ഡ്രൈവര്‍മാരാണ്. സാലിഖ് പച്ചക്കറികടയിലെ
ജീവനക്കാരനാണ്.
പള്ളിക്കര പഞ്ചായത്ത് സ്വദേശിനിയായ 17കാരിയാണ് പീഡനത്തിനിരയായത്. ആദ്യം ഒരു ഓട്ടോ ഡ്രൈവറാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും തുടര്‍ന്ന് ഇയാളുടെ സുഹൃത്ത് ഉള്‍പ്പെടെ നാല് പേര് കൂടി പലഘട്ടങ്ങളിലായി ലൈംഗികാതിക്രമം നടത്തിയെന്നുമാണ് അന്വേഷണത്തില്‍ ലഭിച്ച വിവരം.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ ബേക്കല്‍ പൊലീസിന് സൂചനകള്‍ ലഭിച്ചിരുന്നെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. പിന്നീട് വീണ്ടും പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം ജില്ലാആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയില്‍ ലൈംഗിക പീഡനത്തിനിരയായതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കമ്മിറ്റിനല്കിയറിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് ബേക്കല്‍ പോലീസ് അഞ്ച് പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത്അന്വേഷണം ഊര്‍ജിതമാക്കിയത്.
ഒളിവിലുള്ള മറ്റ് രണ്ട് പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.
