നീലേശ്വരം: പാര്‍ക്കിംഗ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെ നീലേശ്വരം റെയില്‍വേ സ്റ്റേഷന്റെ മുഖഛായ മാറ്റുന്ന നിരവധി നവീകരണ പ്രവൃത്തികള്‍ വന്‍തോതില്‍ നടന്നുകൊണ്ടിരിക്കുമ്പോഴും, സ്റ്റേഷനിലെ ഗുഡ്സ് ഷെഡ്ഡ് ഉയര്‍ത്തുന്ന ദുരിതങ്ങള്‍ക്ക് നേരെ അധികൃതര്‍ കണ്ണടയ്ക്കുന്നു. നീലേശ്വരം എഫ്.സി.ഐ ( എഫ് സി ഐ) ഗോഡൗണിലേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടുവരുന്ന ഗുഡ്സ് ട്രെയിനുകള്‍ നിര്‍ത്തിയിടുന്നത് രണ്ടാം പ്ലാറ്റ്ഫോമിനോട് ചേര്‍ന്ന റെയില്‍ പാളത്തിലാണ്. എന്നാല്‍ ഇവിടുത്തെ ഗുഡ്സ് ഷെഡ്ഡിന് മേല്‍ക്കൂരയോ അനുയോജ്യമായ തറയോ ഇല്ലാത്തതിനാല്‍ കനത്ത മഴയിലും വെയിലിലും ഭക്ഷ്യധാന്യങ്ങള്‍ നശിക്കുകയും കയറ്റിറക്ക് തൊഴിലാളികള്‍ കടുത്ത പ്രതിസന്ധി നേരിടുകയുമാണ്. ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയുടെ വരുമാനം റെയില്‍വേയ്ക്ക് ഈ യാര്‍ഡ് വഴി ലഭിക്കുന്നുണ്ടെങ്കിലും, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ റെയില്‍വേ മടിക്കുന്നത് പരക്കെയുള്ള ആക്ഷേപങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
റെയില്‍ പാളത്തിനും എഫ്.സി.ഐക്കും ഇടയിലുള്ള യാര്‍ഡ് പൂര്‍ണ്ണമായും തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇത് കോണ്‍ക്രീറ്റ് ചെയ്യാന്‍ റെയില്‍വേ ഇതുവരെ തയ്യാറായിട്ടില്ല. വാഗണുകളില്‍ നിന്ന് ലോറികളിലേക്ക് ധാന്യങ്ങള്‍ മാറ്റുന്നതിനിടയില്‍ ചാക്കുകള്‍ പൊട്ടി യാര്‍ഡിലെ കുഴികളിലെ വെള്ളക്കെട്ടിലേക്ക് വീഴുന്ന അരിയും ഗോതമ്പും കുതിര്‍ന്ന് ചീഞ്ഞളിയുകയാണ്. ഇങ്ങനെ ധാന്യങ്ങള്‍ അളിഞ്ഞ് രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നത് കാരണം രണ്ടാം പ്ലാറ്റ്ഫോമില്‍ വണ്ടി കാത്തുനില്ക്കുന്ന യാത്രക്കാര്‍ മൂക്കുംപൊത്തി നില്‍ക്കേണ്ട ഗതികേടിലാണ്. ഇതിനുപുറമെ, ചളിനിറഞ്ഞ ഈ മലിനജലത്തില്‍ ചവിട്ടി മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വരുന്ന കയറ്റിറക്ക് തൊഴിലാളികള്‍ക്ക് കടുത്ത ചൊറിച്ചിലും മറ്റ് ചര്‍മ്മരോഗങ്ങളും അനുഭവപ്പെടുന്നുണ്ടെന്നും പരാതിയുണ്ട്. സ്ഥലം പരിമിതി മൂലവും മഴ കാരണവും ലോഡിങ് കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുമ്പോള്‍ കരാറുകാരന് ഡാമേജ് ഇനത്തില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത്.
കേരളത്തിലെ മറ്റ് എഫ്.സി.ഐ ഗുഡ്സ് ഷെഡ്ഡുകളിലെല്ലാം മേല്‍ക്കൂരയും കോണ്‍ക്രീറ്റ് ചെയ്ത തറയും ഉള്ളപ്പോഴാണ് നീലേശ്വരത്തോട് മാത്രം റെയില്‍വേ ഈ ചിറ്റമ്മ നയം തുടരുന്നത്. ഇതിന് ശാശ്വത പരിഹാരമായി മറ്റ് സ്റ്റേഷനുകളിലേതുപോലെ റെയില്‍വേ ട്രാക്ക് എഫ്.സി.ഐയോട് ചേര്‍ത്ത് നിര്‍മ്മിച്ചാല്‍ വാഗണുകളില്‍ നിന്നും നേരിട്ട് ഗോഡൗണിലേക്ക് ധാന്യങ്ങള്‍ മാറ്റാന്‍ കഴിയും. ഇത് വഴി ലോറി വാടകയും കയറ്റിറക്ക് കൂലിയും ലാഭിക്കാന്‍ സാധിക്കുമെന്ന് മാത്രമല്ല, കൃത്യസമയത്ത് വാഗണുകള്‍ ഒഴുവാക്കിക്കൊടുക്കാന് കഴിയാത്തതിനാല്‍ റെയില്‍വേയ്ക്ക് നല്‍കേണ്ടി വരുന്ന ഭീമമായ ഡാമറേജ് തുക കരാറുകാരന് ഒഴിവാക്കാനും സാധിക്കും. മുന്‍പ് റെയില്‍വേ ഉന്നതോദ്യോഗസ്ഥര്‍ ഡി.ആര്.എം മധുകര്‍ റൗട്ടിന്റെ നേതൃത്വത്തില്‍ ഇവിടെ സന്ദര്‍ശനം നടത്തിയപ്പോള്‍ യാര്‍ഡ് നവീകരിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും ആ വാഗ്ദാനങ്ങളെല്ലാം നാളിതുവരെയായിട്ടും ജലരേഖയായി തുടരുകയാണ്.
ഈ സാഹചര്യത്തില്‍, നീലേശ്വരം നഗരത്തിന്റെ വികസനത്തിനും റെയില്‍വേ സ്റ്റേഷന്റെ നവീകരണത്തിനും വിലങ്ങുതടിയായി നില്ക്കുന്ന എഫ്.സി.ഐ ഗോഡൗണ്‍ നഗരമധ്യത്തില്‍ നിന്നും മാറ്റി പള്ളിക്കര ഭാഗത്തേക്ക് സ്ഥാപിക്കണമെന്ന ആവശ്യം നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും ഭാഗത്തുനിന്ന് ശക്തമായി ഉയരുന്നുണ്ട്. നിലവില്‍ എഫ്.സി.ഐ ഉപയോഗിക്കുന്ന റെയില്‍വേ ട്രാക്ക് പൂര്‍ണ്ണമായും യാത്രാവണ്ടികള്‍ക്കായി വിട്ടുനല്‍കിയാല്‍ വലിയ വികസന സാധ്യതകളാണ് തുറക്കപ്പെടുക. നിലവിലെ ട്രാക്കും പ്ലാറ്റ്ഫോമും യാത്രാ ട്രെയിനുകള്‍ക്കായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍, ഇപ്പോള്‍ കണ്ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന പല പ്രധാന ട്രെയിനുകളും നീലേശ്വരം വരെ നീട്ടാന്‍ റെയില്‍വേയ്ക്ക് സാധിക്കും. സ്റ്റേഷന്റെ വികസനവും ജനങ്ങളുടെ ആരോഗ്യവും മുന്‍നിര്‍ത്തി എഫ്.സി.ഐ ഗോഡൗണ്‍ പള്ളിക്കരയിലേക്ക് മാറ്റാന്‍ ജനപ്രതിനിധികളായ എം.പിയും എം.എല്‍.എയും അടിയന്തരമായി ഇടപെടണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.
