കാഞ്ഞങ്ങാട്: കേരളത്തില്‍ ആരോഗ്യ രംഗത്ത് പതിനാലാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കാസര്‍ കോട് ജില്ലയെ അവഗണിച്ച് കൊണ്ട് എയിംസ് പ്രൊപ്പോസലില്‍ ആലപ്പുഴയെ കൂടി ഉള്‍പ്പെടുത്തി പുതിയ ശുപാര്‍ശ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ പുതിയ യു ഡി എഫ് സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത് അത്യന്തം വേദനാ ജനകമാണെന്ന് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ.
വി.ഡി.സതീശന്‍ സര്‍ക്കാരും കഴിഞ്ഞ എല്‍.ഡി.എഫ് , യു.ഡി.എഫ് സര്‍ക്കാരുകള്‍ പിന്തുടര്‍ന്ന അതേ നയം തന്നെയാണ് ആരോഗ്യ വിഷയത്തില്‍ കാസര്‍കോട് ജില്ലയോട് കാണിക്കുന്നതെങ്കില്‍ നാളിതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ നേതൃത്വം നല്‍കും.
എയിംസ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ആദ്യമായി സമരം നടത്തിയത് കാസര്‍കോട് ജില്ലയില്‍ മാത്രമാണെന്നും എയിംസ് വിഷയം ഉയര്‍ത്തി പിടിച്ചു കൊണ്ട് രജിസ്റ്റര്‍ ചെയ്ത ഒരു സംഘടന എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ മാത്രമാണെന്നും കൂട്ടായ്മ ഭാരവാഹികള്‍ അവകാശപ്പെട്ടു.
ഈ വിഷയത്തില്‍ ജില്ലയിലെ എം.പി. എംഎല്‍എ മാര്‍ അവരുടെ നിലപാട് വ്യക്തമാക്കണം.
എംപി.യുടെ നേതൃത്വത്തില്‍ അഞ്ച് എംഎല്‍എ മാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ത്രിതല പഞ്ചായത്ത്, നഗരസഭാ അധ്യക്ഷന്മാരും ജില്ലയുടെ ആരോഗ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും എയിംസ് പ്രൊപ്പോസലില്‍ പേര് ചേര്‍ക്കുന്നത് വരെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമിരിക്കണമെന്നും കൂട്ടായ്മ പ്രസിഡന്റ ഗണേഷ് അരമങ്ങാനം, ജനറല്‍ സെക്രട്ടറി മുരളീധരന്‍ പടന്നക്കാട്, കോ ഓര്‍ഡിനേറ്റര്‍ ശ്രീനാഥ് ശശി, ട്രഷറര്‍ സലീം സന്ദേശം ചൗക്കി എന്നിവര്‍ ആവശ്യപ്പെട്ടു.
കൂട്ടായ്മയുടെ ഭാവി പ്രക്ഷോഭ പരിപാടികള്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി ചേര്‍ന്ന് ഉടന്‍ തീരുമാനിക്കുമെന്നും അവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
