രാജപുരം: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട മാതൃകാപരമായ പോലീസ് സേവനത്തിന് ശേഷം രാജപുരം പോലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ. സി. പ്രദീപ് കുമാര്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുന്നു. ലഹരി മാഫിയകള്‍ക്കും അനധികൃത ഓണ്‍ലൈന്‍ ലോട്ടറി സംഘങ്ങള്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച ഉദ്യോഗസ്ഥനെന്ന നിലയില്‍ മലയോര മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹം ശ്രദ്ധേയനായിരുന്നു.
രാജപുരം സ്റ്റേഷനില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ.യായി സേവനമനുഷ്ഠിച്ച കാലയളവില്‍ കേരള പോലീസിന്റെ ലഹരിവിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷന് തൂഫാന്’ ഏറ്റവും സജീവമായി നടപ്പിലാക്കിയ ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു പ്രദീപ് കുമാര്‍. ഒരു വര്‍ഷത്തെ സേവനത്തിനിടെ മദ്യ-മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെയും ഓണ്‍ലൈന്‍ ലോട്ടറി വില്‍പ്പനക്കാര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിച്ചു. രണ്ട് മാസത്തോളം സ്റ്റേഷന് ഹൗസ് ഓഫീസറുടെ (എസ്.എച്ച്.ഒ.) താല്‍ക്കാലിക ചുമതലയും അദ്ദേഹം വഹിച്ചിരുന്നു.
1993-ല്‍ കെ.എ.പി. നാലാം ബറ്റാലിയന് വഴി പോലീസ് സേനയില്‍ പ്രവേശിച്ച പ്രദീപ് കുമാര്‍ 1995-ല്‍ ഡി.എച്ച്.ക്യുവിലെത്തി. ഡി.എച്ച്.ക്യു. എം.ടി., ഡി.പി.ഒ. കമ്പ്യൂട്ടര്‍ സെല്‍, സി-1 സെക്ഷന്‍, ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ച ശേഷം 2000-ല്‍ ലോക്കല്‍ പോലീസിലേക്ക് മാറി. ഹോസ്ദുര്‍ഗ്, മഞ്ചേശ്വരം, നീലേശ്വരം, വിജിലന്‍സ്, ട്രാഫിക്, വിദ്യാനഗര്‍, കോസ്റ്റല്‍ ബേക്കല്‍, കാസര്‍കോട് ലോക്കല്‍, ക്രൈംബ്രാഞ്ച് കാസര്‍കോട്, സി.ബി.ഐ. എന്നിവിടങ്ങളില്‍ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ചു.
2022-ല്‍ റെഗുലര്‍ എസ്.ഐ.യായി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം കോഴിക്കോട് ക്രൈംബ്രാഞ്ച്, വളപട്ടണം, ചന്തേര, കൊയിലാണ്ടി എന്നീ സ്റ്റേഷനുകളിലും സേവനമനുഷ്ഠിച്ച ശേഷമാണ് രാജപുരം സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ.യായി ചുമതലയേറ്റത്.
കര്‍ശന നിയമപാലകനായിരുന്നെങ്കിലും ജനകീയ ഉദ്യോഗസ്ഥനെന്ന നിലയിലും പ്രദീപ് കുമാര്‍ ശ്രദ്ധ നേടിയിരുന്നു. സ്റ്റേഷന് പരിധിയിലെ സ്കൂളുകളില്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (എസ്.പി.സി.) പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നതിലും അദ്ദേഹം സജീവ പങ്കുവഹിച്ചു.
ഔദ്യോഗിക ജീവിതത്തിനപ്പുറം കലാരംഗത്തും സജീവമായിരുന്ന പ്രദീപ് കുമാര്‍, 2018-19 കാലഘട്ടത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയിലൂടെ ലഹരിവിരുദ്ധ നാടകങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധ നേടി.അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിരവധി വേദികളില്‍ ലഹരിവിരുദ്ധ നാടകങ്ങള്‍ അരങ്ങേറുകയും വിവിധ സ്കൂളുകളിലും സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിലും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.
സേവനമികവ് പരിഗണിച്ച് 2017-ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ അദ്ദേഹത്തിന് ലഭിച്ചു. 2011 മുതല്‍ 2016 വരെ കേരള പോലീസ് അസോസിയേഷന് ജില്ലാ സെക്രട്ടറിയായും സംസ്ഥാന നിര്‍വാഹക സമിതി അംഗമായും പ്രവര്‍ത്തിച്ചു.
കാഞ്ഞങ്ങാട് സ്വദേശിയായ പ്രദീപ് കുമാറിന്റെ ഭാര്യ ശ്രീകല കെ.എസ്.ഇ.ബി. ഉപ്പള സെക്ഷനിലെ ജീവനക്കാരിയാണ്. ബി.ടെക് ബിരുദധാരിയായ മൃണാള്‍ സി. പ്രദീപും ബി.ബി.എ വിദ്യാര്‍ഥിയായ മിലിന്ത് സി. പ്രദീപുമാണ് മക്കള്‍.
