കോട്ടപ്പുറം അണ്ടര്‍പാസ് നിര്‍മാണം: ജീവന്‍ കൊടുത്തും തടയുമെന്ന് ജനകീയ സമര സമിതി; നീലേശ്വരത്ത് ജനരോഷം ഇരമ്പുന്നു

നീലേശ്വരം: യാതൊരുവിധ മുന്‍കൂര്‍ ചര്‍ച്ചകളും നടത്താതെ, നീലേശ്വരം മാര്‍ക്കറ്റിലെ കോട്ടപ്പുറം ജംഗ്ഷനില്‍ ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും ഏകപക്ഷീയമായി അണ്ടര്‍പാസ് നിര്‍മാണം ആരംഭിക്കാന്‍ നടത്തുന്ന നീക്കത്തിനെതിരെ പ്രദേശത്ത് ജനരോഷം ഇരമ്പുന്നു. ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ നിര്‍മാണശ്രമം എന്ത് ത്യാഗം സഹിച്ചും തടയുമെന്ന് നീലേശ്വരം ജനകീയ സമര സമിതി പ്രഖ്യാപിച്ചു. ആകാശപാത വിഷയത്തില്‍ ശാശ്വതമായ ഒരു ചര്‍ച്ചയിലൂടെ പരിഹാരം കാണുന്നത് വരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒരടിപോലും മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സമര സമിതി, ജനകീയ സമരം തൊണ്ണൂറ്റിമൂന്ന് ദിവസത്തില്‍ എത്തി നില്‍ക്കുമ്പോഴും അധികൃതര്‍ കാണിക്കുന്ന ഈ മനോഭാവം തികച്ചും അപലപനീയമാണെന്ന് കൂട്ടിച്ചേര്‍ത്തു. യഥാര്‍ത്ഥ പ്ലാനില്‍ ഇല്ലാത്ത ഈ അണ്ടര്‍പാസ് നിര്‍മാണം നീലേശ്വരം നഗരത്തിന്റെ നെടുംതൂണായ രാജാ റോഡിലേക്കുള്ള പ്രവേശന കവാടത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നഗരത്തെ രണ്ടായി വിഭജിച്ചുകൊണ്ട് ഉയരുന്ന ഈ കോണ്‍ക്രീറ്റ് കോട്ടകള്‍ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുമെന്നുമാത്രമല്ല, പ്രദേശത്തെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്ന എ.യു.പി സ്‌കൂളിന്റെ നിലനില്‍പ്പിനും സുരക്ഷയ്ക്കും കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇതിന് പകരമായി നെടുംങ്കണ്ട മുതല്‍ കരുവാച്ചേരി വരെ തൂണുകളിന്മേല്‍ നിര്‍മിക്കുന്ന ആകാശപാത മാത്രമാണ് നീലേശ്വരത്തിന്റെ രക്ഷയ്ക്കുള്ള ഏക പ്രതിവിധി എന്ന് ജനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
നീലേശ്വരത്തിന്റെ ചരിത്രപരമായ പ്രധാന്യവും ഭാവി വികസനവും തകര്‍ക്കുന്ന ഈ ജനവിരുദ്ധ നയത്തിനെതിരെ വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ജനകീയ സമര സമിതിയുടെ തീരുമാനം. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് ആകാശപാത അനുവദിക്കുന്നത് വരെ നിര്‍മാണസ്ഥലം ഉപരോധിക്കുന്നത് അടക്കമുള്ള അതിശക്തമായ ജനകീയ പ്രതിരോധം തുടരുമെന്ന് സമര സമിതി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

 

error: Content is protected !!