കാലിച്ചാനടുക്കം ജനകീയ ബസ്സിന്റെ യാത്ര തുടരും

കാഞ്ഞങ്ങാട്: കാലത്തിനൊപ്പം നാട്ടുകാരുടെ ജീവിതത്തിന്റെ ഭാഗമായ ജനകീയ ബസ് കാലിച്ചാനടുക്കം വിട്ട് മറ്റെങ്ങും പോകില്ല. പ്രദേശവാസികളുടെ പ്രിയ വാഹനമായി മാറിയിരുന്ന ബസിനെ പിരിയേണ്ടി വരുമോയെന്ന ആശങ്കയ്ക്കിടെയാണ് ലേല നടപടികള്‍ക്ക് ശേഷം ബസ് നാട്ടില്‍ തന്നെ തുടരുമെന്ന സന്തോഷ വാര്‍ത്ത വന്നത്.എന്നാല്‍ ലേല നടപടികള്‍ പൂര്‍ത്തിയായതോടെ ബസ് കാലിച്ചാനടുക്കം സ്വദേശിയുടെ ഉടമസ്ഥതയിലേക്കു തന്നെ എത്തി. ജെ സി ബി ഓപ്പറേറ്ററായ കാലിച്ചാനടുക്കം സ്വദേശി ശ്രീജിത്താണ് 29, 90,000 രൂപയ്ക്ക് ജനകീയ ബസും,പെര്‍മിറ്റും ലേലം വിളിച്ചെടുത്തത്. നിലവിലുള്ള റൂട്ടിലും സമയത്തിലും ബസ് തുടര്‍ന്നും ഓടുമെന്ന ശ്രീജിത്തിന്റെ തീരുമാനം ജനകീയ ബസ് യാത്രക്കാരെ ആഹ്ലാദത്തിലാക്കിയിരിക്കുകയാണ്. കാലിച്ചാനടുക്കം ബസ്റ്റാന്റ് ഹാളില്‍ നടന്ന ലേലത്തില്‍ നാല്‍പതോളം പേരാണ് പങ്കെടുത്തത്. ഇവരില്‍ നിന്നുമാണ് ഏറ്റവും കൂടിയ തുകയ്ക്ക് ശ്രീജിത്ത് ബസ് സ്വന്തമാക്കിയത്. 2003ലാണ് ജനകീയ വികസന സമിതിയുടെ കീഴില്‍ ബസ് സര്‍വീസ് ആരംഭിച്ചത്. നിലവില്‍ ഓടുന്ന ബസ് 2011ലാണ് വാങ്ങിയത്. പുതിയ ബസ് വാങ്ങിയതുമായി ബന്ധപ്പെട്ട വായ്പ മൂന്നര വര്‍ഷം കൊണ്ടുതന്നെ അടച്ചു തീര്‍ക്കാന്‍ സമിതിക്ക് കഴിഞ്ഞിരുന്നു. 23 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജനകീയ ബസിന്റെ ജനനം. പ്രദേശത്ത് ബസ് സൗകര്യങ്ങള്‍ അപര്യാപ്തമായിരുന്ന സമയത്ത് യാത്രയ്ക്ക് ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന, നാട്ടുകാര്‍ തന്നെ ഒന്നിച്ചു നിന്നാണ് ജനകീയ വികസന സമിതി രൂപീകരിച്ചത്. തുടര്‍ന്ന് സ്വന്തം ബസ് വാങ്ങി സര്‍വീസ് ആരംഭിച്ചു. അന്നു മുതല്‍ വിദ്യാര്‍ത്ഥികള്‍, ജോലിക്കാര്‍, വ്യാപാരികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങി നൂറുകണക്കിന് ആളുകള്‍ ദിനംപ്രതി ആശ്രയിച്ചിരുന്നത് ഈ ബസിനെയാണ്. കാലം മാറി സ്വകാര്യ വാഹനങ്ങള്‍ വര്‍ദ്ധിച്ചു. കൂടുതല്‍ ബസ് സര്‍വീസുകള്‍ നിലവില്‍ വന്നു. പഴയ യാത്ര ദുരിതങ്ങള്‍ക്ക് പരിഹാരം ആയെങ്കിലും ജനകീയ ബസ്സിന്റെ യാത്രാ അവസാനിച്ചില്ല. ഇന്നും ലാഭകരമായി തന്നെ സര്‍വ്വീസ് തുടരുന്ന ബസ്സാണിതെന്ന് സമിതി ഭാരവാഹികള്‍ പറയുന്നു. ബസ് ലേലത്തിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം നല്‍കുന്നതിനൊപ്പം കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയും, വില്‍ക്കുകയും ചെയ്യുന്ന ഓപ്പണ്‍ മാര്‍ക്കറ്റ്, ജനകീയ ആംബുലന്‍സ് സര്‍വീസ്, മൊബൈല്‍ ഫ്രീസര്‍ സംവിധാനം തുടങ്ങിയ പദ്ധതികള്‍ ആരംഭിക്കാനാണ് ആലോചന. യാത്രകള്‍ അവസാനിക്കുന്നില്ല. അതുമായി ചേര്‍ന്ന ഓര്‍മ്മകളും. കാലിച്ചാനടുക്കത്തിന്റെ വഴികളില്‍ ജനകീയ ബസിന്റെ യാത്ര ഇനിയും തുടരും.

 

error: Content is protected !!