ബക്രീദ്: തിരക്ക് പരിഹരിക്കാന്‍ മംഗളൂരു – ഷൊര്‍ണൂര്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചു

നീലേശ്വരം: ബക്രീദ് അവധിക്കാലത്തെ യാത്രക്കാരുടെ കനത്ത തിരക്ക് പരിഹരിക്കുന്നതിനായി മംഗളൂരു സെന്‍ട്രലില്‍ നിന്നും ഷൊര്‍ണൂര്‍ ജംഗ്ഷനിലേക്ക് റെയില്‍വേ പ്രത്യേക വണ്‍വേ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചു. പാലക്കാട് ഡിവിഷന് കീഴിലാണ് ഒരു സര്‍വീസ് മാത്രമുള്ള ഈ പ്രത്യേക ട്രെയിന്‍ ഓടിക്കുന്നത്.
മേയ് 27 ബുധനാഴ്ച വൈകുന്നേരം 6.00 മണിക്ക് മംഗളൂരു സെന്‍ട്രലില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 06131 സ്‌പെഷ്യല്‍ എക്‌സ്പ്രസ്, രാത്രി 7.13ന് നീലേശ്വരത്ത് എത്തും. ഒരു മിനിറ്റിലെ സ്റ്റോപ്പിന് ശേഷം 7.14ന് ഇവിടെ നിന്നും പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് പുലര്‍ച്ചെ 00.30 മണിക്ക് ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ എത്തിച്ചേരും.
5 സെക്കന്‍ഡ് ക്ലാസ് ചെയര്‍ കാര്‍ കോച്ചുകള്‍, 13 സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചുകള്‍, ഭിന്നശേഷി സൗഹൃദമായ 2 സെക്കന്‍ഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാന്‍ കോച്ചുകള്‍ എന്നിവയടക്കം ആകെ 20 കോച്ചുകളാണ് ഈ ട്രെയിനില്‍ ഉണ്ടായിരിക്കുക. അണ്‍റിസര്‍വ്ഡ് സര്‍വീസ് ആയതിനാല്‍ സാധാരണ ടിക്കറ്റ് എടുത്ത് യാത്രക്കാര്‍ക്ക് ഇതില്‍ സഞ്ചരിക്കാം.
മംഗളൂരു സെന്‍ട്രല്‍ (18.00), കാസര്‍കോട് (18.38), കാഞ്ഞങ്ങാട് (19.04), നീലേശ്വരം (19.13), ചെറുവത്തൂര്‍ (19.20), പയ്യന്നൂര്‍ (19.31), പഴയങ്ങാടി (19.44), കണ്ണൂര്‍ (20.17), തലശ്ശേരി (20.38), മാഹി (20.49), വടകര (21.04), കൊയിലാണ്ടി (21.24), കോഴിക്കോട് (21.52), ഫറോക്ക് (22.09), തിരൂര്‍ (22.38), കുറ്റിപ്പുറം (22.59) എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റോപ്പുകള്‍.
അതേസമയം, യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന പയ്യോളി, പരപ്പനങ്ങാടി, പട്ടാമ്പി എന്നീ സ്റ്റേഷനുകളില്‍ ഈ സ്‌പെഷ്യല്‍ ട്രെയിനിന് സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

error: Content is protected !!