കാസര്‍കോട് കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്ര വൈകുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപി. ബസില്‍ കയറി ഇരുന്നാണ് വനിതാ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര എന്ന വാഗ്ദാനം യുഡിഎഫ് പാലിക്കുക എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി ഉദ്ഘാടനം ചെയ്തു.സ്ത്രീകളുടെ വോട്ട് വാങ്ങി അവരെ വഞ്ചിക്കുകയാണ് വി.ഡി. സതീശന് ചെയ്തതെന്ന് അശ്വിനിആരോപിച്ചു. മേയ് 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുമെന്നാണ് സതീശന് പറഞ്ഞത്. ഉറപ്പില്ലായിരുന്നുവെങ്കില്‍ കൃത്യമായ തിയതി പറയാതെ മന്ത്രിസഭ അധികാരത്തില്‍ എത്തിയ ശേഷം സൗജന്യ യാത്ര നടപ്പാക്കുമെന്ന് പറയണമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം ഇന്ധന ഉപയോഗം കുറയ്ക്കുന്നതിന് ഇന്ന് മുതല്‍ സ്വകാര്യ വാഹനം ഒഴിവാക്കി ബസുകളില്‍ യാത്ര ചെയ്യാമെന്നും പണം ലാഭിക്കാമെന്നും സ്ത്രീകള്‍ കരുതി. എന്നാല്‍ ബസില്‍ കയറിയ സ്ത്രീകള്‍ക്ക് ടിക്കറ്റ് എടുക്കേണ്ടി വന്നു. സൗജന്യ യാത്ര അനുവദിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അവര്‍ പറഞ്ഞു.ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ ഇരുന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്. തുടര്‍ന്ന് പ്രധാന കവാടത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതോടെ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
