നീലേശ്വരം:ദേശീയപാത 66ല്‍ ആകാശപാത വേണമെന്ന ആവശ്യവുമായി ജനകീയ സമര സമിതി നടത്തുന്ന അനിശ്ചിതകാല സമരം 42ാം ദിവസം പിന്നിടുന്നു. മണ്‍മതില്‍ കെട്ടി നാടിനെ വിഭജിക്കുന്നതിനെതിരെ ‘മണ്‍മതില്‍ വേണ്ട, ആകാശപാത വേണം’ എന്ന മുദ്രാവാക്യമുയര്‍ത്തി ആരംഭിച്ച സമരം നാള്‍ക്കുനാള്‍ ശക്തിപ്പെടുകയാണ്.
മെയ് ഒന്നിന് നടന്ന പ്രതിഷേധ ജ്വാലയോടെ സമരത്തിന്റെ നാല്‍പ്പതാം ദിനം ആവേശകരമായി പിന്നിട്ടിരുന്നു. സമരം 42 ദിവസം പിന്നിടുമ്പോഴും ലക്ഷ്യം കാണും വരെ പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് സമരസമിതിയും നീലേശ്വരത്തെ ജനങ്ങളും. ഐതിഹാസികമായ ഈ പോരാട്ടം ഏത് പ്രതികൂല സാഹചര്യത്തിലും തുടരുമെന്ന് സമരസമിതി ഭാരവാഹികള്‍ വ്യക്തമാക്കി. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് പ്രമുഖ കലാകാരി ഗൗരി ലക്ഷ്മി ആര് ഉള്‍പ്പെടെയുള്ള സാമൂഹികസാംസ്കാരിക രംഗത്തെ പ്രമുഖര്‍ പിന്തുണയുമായി എത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം.
