അവധികാല കായിക പരിശീലനത്തില്‍ നൂറിലേറെ വിദ്യാര്‍ഥികള്‍

കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൈതാനത്ത് കായിക ഇനങ്ങള്‍ പരിശീലിക്കുകയാണ് നൂറിലെറെ വിദ്യാര്‍ഥികള്‍. നിത്യവും രാവിലെ ഏഴു മുതല്‍ ഒന്‍പതു വരെയാണ് അവധിക്കാല ക്യാമ്പ്.ദിവസവും സ്‌പോര്‍ട്‌സ് താരങ്ങള്‍, തദ്ദേശഭരണ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിക്കുന്നു.
ബുധനാഴ്ച കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ എം.സേതു, അജാനൂര്‍ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ടി.വി.കാവ്യ, മുന്‍ കായിക അധ്യാപകനും മുന്‍ ഫുട്‌ബോള്‍ താരവുമായ കെ.വി.കണ്ണന്‍, സ്‌കൂള്‍ പി.ടി.എ.പ്രസിഡന്റ് ഇ.വി.ജയകൃഷ്ണന്‍, പ്രഥമധ്യാപിക പി.സുമ, മുന്‍ പി.ടി.എ.എം.കെ.വിനോദ് കുമാര്‍, പി.ടി.എ.എക്‌സിക്യൂട്ടീവ് അംഗം വില്യംസ് ജോസഫ് എന്നിവരെത്തി.

വോളിബോള്‍ താരം കൂടിയായ ദുര്‍ഗ സ്‌കൂളിലെ അധ്യാപകന്‍ കെ.വി.ജയന്‍ വെള്ളിക്കോത്തും കായിക അധ്യാപിക എം.കെ.റീനകുമാരിയുമാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ഒട്ടേറെ വിദ്യാര്‍ഥികളെ പരിശീലിപ്പിച്ച് സംസ്ഥാനത്തെത്തിച്ച് മെഡല്‍ നേടിക്കൊടുത്ത മുന്‍ കായിക അധ്യാപകന്‍ കെ. കിഷോര്‍ കുമാര്‍ പ്രത്യേക പരിശീലകനായുണ്ട്.
കായിക രംഗത്ത് സ്‌കൂളിന് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് അവധിക്കാല പരിശീലന ക്യാമ്പ് തുടങ്ങിയതെന്ന് പി.ടി.എ. പ്രസിഡന്റ് ഇ.വി.ജയകൃഷ്ണനും പ്രഥമധ്യാപിക പി.സുമയും പറഞ്ഞു.
അത്‌ലറ്റിക്ക് വിഭാഗത്തില്‍ നൂറും ഇരുന്നൂറും മീറ്റര്‍ ഓട്ടത്തിലും പരിശീലനം നല്‍കുന്നു. ഗെയിംസില്‍,വോളിബോള്‍, ഹോക്കി, ഖൊഖൊ, സെപക്താക്രോ എന്നീ ഇനങ്ങളിലാണ് പരിശീലനം. വടകരമുക്കിലെ ബി.നിസാമൂദീനാണ് ഹോക്കി പരിശീലകന്‍. ഓട്ട മത്സരത്തില്‍ സംസ്ഥാന ജേതാവും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയുമായ കെ.എം.ആിത്യനും പരിശീലിപ്പിക്കാനെത്തുന്നു.
കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍
നൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത് നടക്കുന്ന കായിക പരിശീലനം ഫോട്ടോ:രതീഷ് കാലിക്കടവ്

 

error: Content is protected !!