ബാലചിത്രകാരന്‍ ആദിത്യന്‍ മരിച്ചിട്ട് അഞ്ചുവര്‍ഷമാകുന്നു; 25ന് കാഞ്ഞങ്ങാട് യു.ബി.എം.സി. എ.എല്‍.പി.സ്‌കൂളില്‍ ചിത്രശില്പ കളരി സംഘടിപ്പിക്കും

കാഞ്ഞങ്ങാട്: ബാലചിത്രകാരന്‍ ആദിത്യന്‍ മരിച്ചിട്ട് അഞ്ചുവര്‍ഷമാകുന്നു. അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് 25ന് കാഞ്ഞങ്ങാട് യു.ബി.എം.സി. എ.എല്‍.പി.സ്‌കൂളില്‍ ചിത്രശില്പ കളരി നടത്തുന്നു. ആദിത്യന്റെ കുടുംബത്തിന് വീടൊരുക്കിക്കൊടുക്കാന്‍ രൂപവത്കരിച്ച കൂട്ടായ്മ ‘ആദിത്യപ്രഭ’യാണ് ചിത്രശില്പ കളരി നടത്തുന്നത്. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് നാലു വരെ നടക്കുന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് ഉദ്ഘാടന ചടങ്ങും തുടര്‍ന്ന് വിവിധ സെഷനുകളിലായി ക്ലാസുമാണ് നടക്കുക. ഉച്ചവരെ ചിത്രകലയെകുറിച്ചും ഉച്ചയ്ക്കു ശേഷം ശില്പ കലയെക്കുറിച്ചും ക്ലാസെടക്കുമെന്ന് ‘ആദിത്യപ്രഭ’ കൂട്ടായ്മയുടെ ജനറല്‍ കണ്‍വീനര്‍ എം.കെ.വിനോദ്കുമാറും ചിത്രശില്പ കളരിയുടെ കോര്‍ഡിനേറ്റര്‍ ആര്‍ട്ടിസ്റ്റ് വിനോദ് അമ്പലത്തറയും അറിയിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു ആദിത്യന്‍. 10ാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അന്ത്യം. പനി പിടിപെടുകയും വൈകാതെ മരിക്കുകയുമായിരുന്നു. അലാമിപ്പള്ളി ലഷ്മി നഗറിലെ ചോര്‍ന്നൊലിക്കുന്ന ഒരു ക്വാര്‍ട്ടേര്‍സ് മുറിയില്‍ ആദിത്യന്റെ തിളങ്ങുന്ന സമ്മാനങ്ങളെല്ലാം ചാക്കുകളിലാക്കി കൂട്ടിയിട്ടിരിക്കുകയായിരുന്നു. ആ ട്രോഫികള്‍ വെളിച്ചം കാണണമെന്ന ആഗ്രഹത്തോടെയാണ് ‘ആദിത്യപ്രഭ’യെന്ന പേരില്‍ വി.വി.രമേശന്‍ ചെയര്‍മാനും എം.കെ.വിനോദ്കുമാര്‍ ജനറല്‍ കണ്‍വീനറും അന്നത്തെ ദുര്‍ഗസ്‌കൂള്‍ പ്രഥമധ്യാപകന്‍ ടി.വി.പ്രദീപ്കുമാര്‍ ഖജാന്‍ജിയായും കൂട്ടായ്മ രൂപവത്കരിച്ചത്. നെല്ലിത്തറയില്‍ കെ.ദാമോദരന്‍ ആര്‍ക്കിടെക്ട് സൗജന്യമായി നല്‍കിയ സ്ഥലത്ത് നാടിന്റെ കൂട്ടായ്മയില്‍ വീടുയര്‍ന്നു. ആ വീടിനിട്ട പേരും ‘ആദിത്യപ്രഭ’ എന്നായിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദുവില്‍ നിന്നാണ് ആദ്യത്യന്റെ അമ്മ നിഷയും സഹോദരങ്ങളും ചേര്‍ന്ന് വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്. രണ്ടാം സ്മൃതി ദിനത്തില്‍ ആദിത്യന്റെ ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നിരുന്നു. പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമനായിരുന്നു ഉദ്ഘാടകന്‍. 25ന് നടക്കുന്ന ചിത്രശില്പ കളരിയുടെ മുന്നൊരുക്ക യോഗത്തില്‍ എം.കെ.വിനോദ്കുമാര്‍ അധ്യക്ഷനായി. എഴുത്തുകാരി സി.പി.ശുഭ, ആര്‍ട്ടിസ്റ്റ് വിനോദ് അമ്പലത്തറ, ഇ.വി.ജയകൃഷ്ണന്‍, നിഷ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!