കാഞ്ഞങ്ങാട് : ശ്രീ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം ഏപ്രില്‍ 17 മുതല്‍ 23 വരെ ഭക്തിയാദരപൂര്‍വ്വം നടക്കുകയാണ്. മഹോത്സവത്തിന്റെ പ്രചാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടന്ന വര്‍ണ്ണകലശം ചിത്രരചനയും മഹോത്സവ ബ്രോഷര്‍ പ്രകാശനവും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. നവീകരണ കമ്മറ്റി ചെയര്‍മാന്‍ വേണുഗോപാലന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.
മഹോത്സവ വര്‍ക്കിംഗ് ചെയര്‍മാന്‍ വി.എം ജയദേവന്‍, പ്രൊഫ. സി. ബാലന്‍ മാഷ്, ദിവാകരന്‍ മാഷ്, രാജേന്ദ്രന്‍ പുല്ലൂര്‍, പ്രഭാകരന്‍ അവതാര്‍, ഇ.വി അശോകന്‍, പല്ലവ നാരായണന്‍, പി. പ്രവീണ്‍ കുമാര്‍, ഉണ്ണി പാലത്തിങ്കാല്‍, ശശി ബോണ്‍സായ്, ശ്രീജിത്ത് കുഞ്ഞിവീട് എന്നിവര്‍ സംസാരിച്ചു. കലയുടെ നിറങ്ങളാല്‍ ഭക്തിയുടെ ഭാവം പകര്‍ത്തി ക്ഷേത്ര സന്നിധിയെ സൃഷ്ടിപ്രതിഭയുടെ ഒരു വേദിയാക്കി മാറ്റിയ കലാകാരന്മാരുടെ പങ്കാളിത്തം പരിപാടിക്ക് പ്രത്യേക ചൈതന്യം പകര്‍ന്നു. നിറങ്ങളും രേഖകളും ഒത്തുചേര്‍ന്ന് ആത്മീയതയും സാംസ്‌കാരിക പൈതൃകവും ഒരുമിച്ചുചേരുന്ന മനോഹര ദൃശ്യവിസ്മയം സൃഷ്ടിച്ചു. പങ്കെടുത്ത മുഴുവന്‍ കലാകാരന്‍മാര്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. പബ്ലിസിറ്റി ചെയര്‍മാന്‍ ദിനേഷ് ഹര്‍ഷ സ്വാഗതവും, കണ്‍വീനര്‍ സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
