തൃക്കരിപ്പൂര്‍: തീയ്യ സമുദായത്തിന്റെ അവകാശ സംരക്ഷണത്തിനും ആചാര, അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനും, സമുദായം നേരിടുന്ന അവഗണനകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്നതിനുമായി പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണ് തീയ്യ ക്ഷേമസഭ. രാഷ്ട്രീയ ഭിന്നിപ്പുകളിലൂടെ സമുദായത്തെ ശിഥിലമാക്കാനുള്ള ചില രാഷ്ട്രീയ ശക്തികളുടെ നീക്കങ്ങള്‍ സമുദായത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിന് ഇടയാക്കുന്നുവെന്നും സംഘടന ആരോപിച്ചു. സമുദായത്തിന്റെ പ്രധാന ആവശ്യങ്ങളായ ഏഴ് ശതമാനം വിദ്യാഭ്യാസ, തൊഴില്‍ സംവരണം ഏര്‍പ്പെടുത്തുക, തീയ്യ സമുദായത്തെ സര്‍ക്കാര്‍ രേഖകളില്‍ സ്വതന്ത്ര ജാതിയായി രേഖപ്പെടുത്തുക, സമുദായത്തിന്റെ ആചാര, അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, കൂടാതെ കാവുകള്‍, ക്ഷേത്രങ്ങള്‍, തറവാടുകള്‍ തുടങ്ങിയ സമുദായ പൈതൃക കേന്ദ്രങ്ങളുടെ നടത്തിപ്പിനും സംരക്ഷണത്തിനുമായി സാമ്പത്തിക സഹായം നല്‍കുക എന്നീ ആവശ്യങ്ങള്‍ സംഘടന മുന്നോട്ടുവയ്ക്കുന്നു. ഈ ആവശ്യങ്ങള്‍ അംഗീകരിക്കുകയും നടപ്പാക്കുന്നതിനുള്ള ഉറപ്പ് നല്‍കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും സ്ഥാനാര്‍ത്ഥികളെയും പിന്തുണയ്ക്കുക എന്നതാണ് തീയ്യ ക്ഷേമസഭയുടെ പൊതുവായ നിലപാടെന്നും വ്യക്തമാക്കി. തീയ്യ ക്ഷേമസഭയുടെ സംസ്ഥാന പ്രസിഡന്റായ രവി കുളങ്ങര ട്വന്റി20–എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥിയായി തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍, സമുദായ നേതൃനിരയില്‍ നിന്നുള്ളവര്‍ നിയമസഭയിലേക്ക് എത്തുന്നത് സമുദായ ആവശ്യങ്ങള്‍ ശക്തമായി ഉന്നയിക്കുകയും അവ നടപ്പാക്കുന്നതിനും വഴിയൊരുക്കുമെന്നും സംഘടന അഭിപ്രായപ്പെട്ടു.
ഇതിനാല്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ട്വന്റി20–എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവി കുളങ്ങരയ്ക്ക് തീയ്യ ക്ഷേമസഭ ഔദ്യോഗിക പിന്തുണ പ്രഖ്യാപിക്കുന്നു. സമുദായത്തിന്റെ അവകാശങ്ങള്‍ ഉറപ്പാക്കാനും നീണ്ടുനില്‍ക്കുന്ന അവഗണനയ്ക്ക് പരിഹാരം കാണാനും ഈ തെരഞ്ഞെടുപ്പില്‍ രവി കുളങ്ങരയുടെ വിജയം നിര്‍ണായകമാണെന്നും സംഘടന അറിയിച്ചു. തീയ്യ സമുദായത്തിലെ എല്ലാ അംഗങ്ങളും ഐക്യത്തോടെ മുന്നോട്ട് വന്ന് രവി കുളങ്ങരയുടെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന് തീയ്യ ക്ഷേമസഭ ആഹ്വാനം ചെയ്തു. തീയ്യ ക്ഷേമ സഭ സംസ്ഥാന കണ്‍വീനര്‍ രാഘവന് പണിക്കര്‍, സംസ്ഥാന സെകട്ടറി മയ്യല് നാരായണന്, സംസ്ഥാന ഭാരവാഹികളായ രാജന്.കെ.വി, ചിത്രാകരന്‍, നാരായണന് മാസ്റ്റര്‍, നാഗേഷ് കുമ്പള, സതീശന് കൂവത്തൊട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
