മടിക്കൈ ചാളക്കടവ് ക്വാര്‍ട്ടേഴ്‌സില്‍ സ്ത്രീയുടെ അഴുകിയ ജഡം

മടിക്കൈ: ചാളക്കടവിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ അഞ്ച് ദിവസം പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
ചാളക്കടവിലെ സുബൈദയുടെ ക്വാര്‍ട്ടേഴ്‌സിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 28 നാണ് സ്ത്രീ ഇവിടെ റൂമെടുത്തത്. ചെമ്മട്ടംവയല്‍ സ്വദേശിനിയെന്നാണ് ഇവര്‍ പറഞ്ഞതത്രെ. ക്വാര്‍ട്ടേഴ്‌സ് ഉടമക്ക് ഇവരുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും അറിയില്ല. താമസം തുടങ്ങിയ ശേഷം ഇവര്‍ മുറിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയതായി ആരും കണ്ടിട്ടില്ല. ക്വാര്‍ട്ടേഴ്‌സ് ഉടമയായ സുബൈദ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലാണ്. മകനാണ് റൂം നല്‍കിയത്. രണ്ടു ദിവസം കഴിഞ്ഞ് ആധാര്‍ കാര്‍ഡും മറ്റും വാങ്ങാമെന്നാണ് കരുതിയതെന്ന് മകന്‍ പോലീസിനോട് പറഞ്ഞു. ഇന്ന് രാവിലെ ദുര്‍ഗന്ധം വമിക്കുന്നത് കണ്ട് പരിസരവാസികള്‍ ജനലിലൂടെ നോക്കിയപ്പോഴാണ് കസേരയില്‍ സ്ത്രീയെ മരിച്ചു കിടക്കുന്നതായി കണ്ടത്. സംഭവം അറിഞ്ഞ് നീലേശ്വരം പോലീസ് സ്ഥലത്തെത്തി. സ്ത്രീയെ തിരിച്ചറിയാനുള്ള അന്വേഷണംനടത്തി വരികയാണ്.

Spread the love
error: Content is protected !!