വരയില്‍ വിസ്മയം തീര്‍ത്ത് ദേവനന്ദ; ലോഗോ മുതല്‍ സംസ്ഥാന തലം വരെ വിജയക്കുതിപ്പ്
പെരിയ: ദേവനന്ദയ്ക്ക് ഇത് സാധാരണ കലോത്സവ വിജയമല്ല. ഓയില്‍ പെയിന്റിങ്ങിലും വാട്ടര്‍ കളറിലും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയതിനുള്ള സമ്മാനം, ദേവനന്ദ തയ്യാറാക്കിയ ലോഗോ ഉള്പ്പെട്ടതാണെന്നതാണ് പ്രത്യേകത. വനം വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ജില്ലാതല ചിത്രരചനാ മത്സരത്തില്‍ പത്താം വര്‍ഷവും വിജയം നേടിയത് ഇക്കഴിഞ്ഞ മാസമാണ്. ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് ദേവനന്ദ. കുഞ്ഞുവിരലുകളില്‍ ബ്രഷും നിറവും ഒതുങ്ങുന്ന കാലം തൊട്ട് ദേവനന്ദ വര്‍ണങ്ങളില്‍ വിസ്മയം തീര്‍ക്കുകയാണ്. ഒന്നാം ക്ലാസ് മുതല്‍ സ്കൂള്‍ കലോത്സവങ്ങളിലും മറ്റ് സ്ഥാപനങ്ങള്‍ നടത്തുന്ന ചിത്രരചനാ മത്സരങ്ങളിലും ദേവനന്ദ സമ്മാനം വാങ്ങി വരുന്നുണ്ട്. വനം വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ചിത്രരചനാ മത്സരത്തില്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ നാലാം ക്ലാസ് വരെയുള്ള മുതിര്‍ന്ന കുട്ടികളോട് മത്സരിച്ച് പെന്‍സില്‍ ഡ്രോയിങ്ങില്‍ രണ്ടാം സ്ഥാനം നേടിയാണ് ജൈത്രയാത്ര തുടങ്ങിയത്. ആ യാത്ര ഇന്നും തുടരുകയാണ്. ഈ വര്‍ഷം പെന്‍സില്‍ വരയിലും ജലഛായത്തിലും ഒന്നാം സ്ഥാനം നേടി.ഓരോ മത്സരങ്ങളിലും പങ്കെടുത്ത് തിരിച്ചുവരുമ്പോള്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും മെമന്റോകളും ഉപഹാരങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ദേവനന്ദയുടെ വീട്. മത്സരങ്ങള്‍ നടക്കാതിരുന്ന കോവിഡ് കാലത്തെ രണ്ടു വര്‍ഷമൊഴികെ എല്ലാ വര്‍ഷങ്ങളിലും പെന്‍സില്‍ വരയിലും ജലഛായത്തിലും വിജയം ദേവനന്ദയോടൊപ്പമായിരുന്നു. കഴിഞ്ഞ വര്‍ഷം ജില്ലാ കലോത്സവത്തിന് പ്രൊമോ വീഡിയോ തയ്യാറാക്കി ഒന്നാം സ്ഥാനം നേടിയ ദേവനന്ദ ഇപ്രാവശ്യം ജില്ലാ കലോത്സവത്തിന്റെ ലോഗോ തയ്യാറാക്കിയാണ് ഒന്നാമതായത്. പ്രൊഫഷണല്‍ ഡിസൈനര്മാരുള്പ്പെടുന്നവര് തയ്യാറാക്കിയ 34 ലോഗോയില്‍ നിന്നുമാണ് ദേവനന്ദയുടെ ലോഗോ തിരഞ്ഞെടുക്കപ്പെട്ടത്. ചിത്രകാരന് വിനോദ് അമ്പലത്തറയുടെ കീഴിലാണ് ചിത്രരചനയില്‍ പരിശീലനം നേടിയത്.
ഉപജില്ലാ ശാസ്ത്രമേള, കായിക മേള, നാടകോത്സവം, ക്ഷേത്രോത്സവങ്ങള്‍ എന്നിവയുടെ ലോഗോയും ദേവനന്ദയുടേതായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷത്തെ ഹോസ്ദുര്‍ഗ് ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ മത്സരത്തില്‍ 37 രചനകളില്‍ നിന്നാണ് ദേവനന്ദ രൂപകല്പന ചെയ്ത ലോഗോ തിരഞ്ഞെടുത്തത്.
വര്‍ണങ്ങള്‍ കൈപ്പിടിയിലൊതുക്കുന്നതിലും വിവര സാങ്കേതിക വിദ്യ കൊണ്ട് അതിന് ദൃശ്യ ചാരുത നല്‍കുന്നതിലും ദേവനന്ദയുടെ കഴിവ് അത്ഭുതകരമാണ്. നിരവധി ഡിജിറ്റല്‍ പോസ്റ്റര്‍ ഡിസൈനിങ്ങിലും സമ്മാനം നേടിയിട്ടുണ്ട്. കാഞ്ഞങ്ങാട്, കോഴിക്കോട് ആര്‍ട്ട് ഗാലറികളില്‍ കുട്ടികളുടെ പെയിന്റിങ് എക്സിബിഷനില്‍ ദേവനന്ദയുടെ ചിത്രങ്ങളും ഇടം നേടിയിരുന്നു. പ്രദര്‍ശനം കണ്ട മുതിര്‍ന്ന ആര്‍ട്ടിസ്റ്റുകളുടെ പ്രശംസയും പ്രോത്സാഹനവും ദേവനന്ദ നെഞ്ചില്‍ ചേര്‍ത്തുവെക്കുന്നു. അക്കാദമിക പഠനത്തിലും ഒന്നാമതായ ദേവനന്ദ ജില്ലാ-സംസ്ഥാന ക്വിസ് മത്സരങ്ങളിലും ഉന്നത വിജയം നേടിയിട്ടുണ്ട്. ട്യൂഷന് പോലുമില്ലാതെ പ്ലസ് വണ്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി സ്കൂളിനും നാടിനും ദേവനന്ദ അഭിമാനമായി. 2022ല്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ സപര്യ സാംസ്കാരിക സമിതിയുടെ പ്രഥമ സംസ്ഥാനതല ചിത്ര പ്രതിഭാ പുരസ്കാരവും നേടിയിരുന്നു. കേരള സ്കൂള്‍ കലോത്സവങ്ങളിലും ശാസ്ത്രോത്സവങ്ങളിലും സ്കൂള്‍ തലം തൊട്ട് സംസ്ഥാന തലം വരെ പെന്‍സില്‍, ഫാബ്രിക്, ഓയില്‍, ജലഛായ മത്സരങ്ങളില്‍ ദേവനന്ദ വാങ്ങിക്കൂട്ടിയ സമ്മാനങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. ബേക്കല്‍ ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ നൂറോളം ചിത്രങ്ങള്‍ ഉള്‍പ്പെട്ട ചിത്രപ്രദര്‍ശനം ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ച് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്.
എട്ടാം തരം മുതല്‍ ജലഛായം, പെന്‍സില്‍ വര, ഓയില്‍ കളര്‍, ഫാബ്രിക് പെയിന്റ് എന്നിവയില്‍ ദേവനന്ദ സംസ്ഥാന തലത്തില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്. ഡിസംബര്‍ ആദ്യവാരത്തില്‍ ഉദുമയില്‍ വച്ച് നടക്കുന്ന കാസര്‍കോട് ബസാര്‍ എക്സിബിഷനില്‍ ദേവനന്ദയുടെ ചിത്രപ്രദര്‍ശനത്തിന് ക്ഷണം കിട്ടിയ സന്തോഷത്തിലാണിപ്പോള്‍ ദേവനന്ദ. കൂടാതെ ഡിസംബര്‍ അവസാന വാരത്തില്‍ ദേവനന്ദ ചിത്രം വരച്ച ആദ്യ പുസ്തകം കൂടി പ്രകാശിതമാവുന്നു എന്ന സന്തോഷവുമുണ്ട്. പനയാല്‍ ഗവ. എല്‍.പി. സ്കൂള്‍ പ്രധാനാധ്യാപകന് കെ.ടി. ബാബുവിന്റെയും തച്ചങ്ങാട് ഗവ. ഹൈസ്കൂള്‍ അധ്യാപികയും കവയിത്രിയുമായ സുനിമോള്‍ ബളാലിന്റെയും മകളാണ്. സഹോദരി ആര്യനന്ദ ബയോ ടെക്നോളജി പി.ജി. വിദ്യാര്‍ഥിനിയാണ്.

