State

കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ യുവതി കൊല്ലത്ത് പിടിയില്‍; പത്തിലധികം ചെക്ക് കേസുകളില്‍ വാറണ്ട്

കാഞ്ഞങ്ങാട്: ഗാര്‍മെന്റ്‌സ്, തുണിത്തര ബിസിനസിന്റെ മറവില്‍ നിരവധി പേരില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത് മുങ്ങിയ യുവതിയെ കാഞ്ഞങ്ങാട് ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് കൊല്ലത്ത് വെച്ച് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് നെല്ലിക്കാട്ട് താമസിച്ചിരുന്ന സഫീനയെയാണ് കൊല്ലത്തെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-I ല്‍ സഫീനക്കെതിരെ പത്തിലധികം ചെക്ക് കേസുകളില്‍ വാറണ്ട് നിലവിലുണ്ടായിരുന്നു. തുണിത്തര വ്യാപാരവുമായി ബന്ധപ്പെട്ട് വിവിധ ആളുകളില്‍ നിന്നും ഷെയര്‍ ഇനത്തില്‍ കോടിക്കണക്കിന് രൂപ സ്വീകരിച്ച ശേഷം തട്ടിപ്പ് നടത്തി മുങ്ങുകയായിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലും സമാനമായ സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതിക്കെതിരെ വാറണ്ടുകള്‍ നിലവിലുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.

കാസര്‍കോട് ജില്ലാ പോലീസ് മേധാവി നിധിന്‍രാജ് പി ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം, കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.വി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് പ്രതി കൊല്ലത്തുള്ളതായി സ്ഥിരീകരിച്ചത്. തുടര്‍ന്ന് സ്‌ക്വാഡ് അംഗങ്ങള്‍ കൊല്ലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

അറസ്റ്റിന് ശേഷം ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജില്ലാ ജയിലിലേക്ക് മാറ്റിയ പ്രതിക്കെതിരായ മറ്റ് കേസുകളുടെ വിശദാംശങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

 

error: Content is protected !!