local news

സ്റ്റേജിതര മത്സരങ്ങള്‍ പൂര്‍ത്തിയായി: കാസര്‍കോട് ഉപജില്ലക്ക് മുന്നേറ്റം; നടനവേദികള്‍ ഇന്ന് ഉണരും

പെരിയ: 65ാമത് കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് മുതല്‍ മൂന്നു ദിവസങ്ങളില്‍ കലോത്സവനഗരിയില്‍ നൃത്തയിനങ്ങള്‍ അടക്കമുള്ള നാട്യസംഗീത വസന്തം വിടരും.
ഒപ്പന, വട്ടപ്പാട്ട്, നാടകം, വൃന്ദവാദ്യം, ഭരതനാട്യം, പരിചമുട്ട്, സംഘലം കളി, ചവിട്ടുനാടകം, കൂടിയാട്ടം, ചാക്യാര്‍കൂത്ത്, ഓട്ടംതുള്ളല്‍, കുച്ചിപ്പുടി, പദ്യം ചൊല്ലല്‍, പ്രസംഗം, പടപ്പാട്ട്, സംഘഗാനം, പ്രഭാഷണം, ചമ്പുപ്രഭാഷണം, മിമിക്രി, മോണോ ആക്ട്, മൂകാഭിനയം, ബാന്‍ഡ് മേളം, വഞ്ചിപ്പാട്ട്, ശാസ്ത്രീയസംഗീതം, കഥകളി തുടങ്ങിയ കലാപരിപാടികളാണ് സ്റ്റേജിന മത്സരങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രണ്ടാംദിനം 244 പോയന്റോടെ കാസര്‍കോട് ഉപജില്ല മുന്നേറ്റം തുടരുകയാണ്. 234 വീതം പോയന്റുകള്‍ നേടി കുമ്പളയും ബേക്കലും രണ്ടാംസ്ഥാനത്തുണ്ട്. ചെറുവത്തൂര്‍ (231) ആണ് മൂന്നാംസ്ഥാനത്ത്. ഹോസ്ദുര്‍ഗ് (228), ചിറ്റാരിക്കാല്‍ (226), മഞ്ചേശ്വരം (210) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയന്റ് നില. സ്‌കൂളുകളില്‍ 68 പോയന്റോടെ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസാണ് മുന്നില്‍. ചായ്യോത്ത് ജിഎച്ച്എസ് (61) രണ്ടും ഉദുമ ജിഎച്ച്എസ്എസ് (60) മൂന്നും സ്ഥാനത്തുണ്ട്. മഞ്ചേശ്വരം എസ്എടിഎച്ച്എസ് (55), പിലിക്കോട് സികെഎന്‍എസ് ജിഎച്ച്എസ്എസ് (50) എന്നിവരാണ് നാലും അഞ്ചും സ്ഥാനത്ത്. കലോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. നിര്‍വ്വഹിക്കും.

 

error: Content is protected !!