ദുരന്തങ്ങള്‍ വേട്ടയാടിയ കുടുംബത്തിലേക്ക് വീണ്ടും മരണത്തിന്റെ നിഴല്‍; റാസല്‍ഖൈമയില്‍ അപകടത്തില്‍ അട്ടേങ്ങാനം സ്വദേശി മരിച്ചു
കാഞ്ഞങ്ങാട്: രണ്ട് മക്കളുടെ വിയോഗത്തിന്റെ വേദനയില്‍ നിന്ന് മോചിതരാകും മുമ്പ് അട്ടേങ്ങാനം സ്വദേശി അഷ്റഷ്(53) ന്റെ കുടുംബത്തിലേക്ക് വീണ്ടും ദുരന്തം. മൂന്ന് പതിറ്റാണ്ടിലേറെ പ്രവാസിയായിരുന്ന അഷ്റഫ് ചൊവ്വാഴ്ച റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ച് ഒരു വര്‍ഷം മുമ്പാണ് അഷ്റഫ് നാട്ടില്‍ തിരിച്ചെത്തിയത്. വീട് പണി പൂര്‍ത്തിയാക്കിയ ശേഷം മൂന്ന് മാസം മുമ്പ് വിസിറ്റിങ് വിസയില്‍ വീണ്ടും ദുബായിലേക്ക് പോയതായിരുന്നു. ദുബായിലും അബുദാബിയിലുമായി ഹോട്ടല്‍ വ്യാപാര രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അഷ്റഫ്, വിസ പുതുക്കുന്നതിന്റെ ഭാഗമായി ഒമാനില്‍ പോയി മടങ്ങി വരവെയാണ് അപകടത്തില്‍പ്പെട്ടത്. അഷ്റഫ് ഉള്‍പ്പെടെ ഇരുപതോളം പേര് അപകടത്തില്‍ മരിച്ചു. മൂത്ത മകന് അജ്മല്‍ അപൂര്‍വ രോഗത്തെ തുടര്‍ന്ന് 19-ാം വയസ്സില്‍ അഞ്ച് വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഹൃദയ ധമനികള്‍ സ്വാഭാവിക ക്രമീകരണത്തില്‍ നിന്ന് മാറി വളരുന്ന അത്യപൂര്‍വ രോഗമായിരുന്നു അജ്മലിന്റേത്. ആ വേദന മാറും മുമ്പ് രണ്ടാമത്തെ മകന് അസ്കര്‍ രണ്ട് വര്‍ഷം മുമ്പ് ബൈക്ക് അപകടത്തില്‍ മരിച്ചു. ബൈക്ക് റോഡില്‍ നിന്ന് തെന്നിമാറി മതിലില്‍ ഇടിച്ചായിരുന്നു അപകടം. അട്ടേങ്ങാനം സ്വദേശിയായ അഷ്റഷ് നിലവില്‍ കള്ളാര്‍ പൂതത്താന്മലയില് താമസക്കാരനാണ്. മറ്റുമക്കള്‍ : ശറഫുദ്ധീന്‍ (ദുബായ്), അഷ്രീഫ, ഭാര്യ : ജമീല. സഹോദരങ്ങള്‍: റസാഖ് (അട്ടേങ്ങാനം), മിസ്രിയ, പരേതരായ സൈനബ, അബ്ദുല്‍ റഹ്മാന്.

