local news

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനെ ടൂറിസം ഹബ്ബായി ഉയര്‍ത്തണം; അവഗണനയ്‌ക്കെതിരെ ഏകദിന നിരാഹാര സത്യാഗ്രഹം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിച്ച് സമഗ്ര റെയില്‍വേ വികസനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം കാഞ്ഞങ്ങാട് സംഘടിപ്പിച്ച ഏകദിന നിരാഹാര സത്യാഗ്രഹത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമൂഹിക, സാംസ്‌കാരിക, വ്യാപാര, തൊഴിലാളി സംഘടനകളുടെയും പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുത്തു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനെ കാസര്‍കോട് ജില്ലയിലെ പ്രധാന ടൂറിസം ഹബ്ബായി ഉയര്‍ത്തണമെന്നും നിസാമുദ്ദീനില്‍ നിന്ന് മംഗളൂരുവിലേക്കുള്ള മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് (12618) കാഞ്ഞങ്ങാട്ടില്‍ നിര്‍ത്തിയിരുന്ന സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു. സ്റ്റോപ്പ് പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തി സ്റ്റോപ്പ് പുനഃസ്ഥാപിക്കാന്‍ കാഞ്ഞങ്ങാട്ടുകാര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമുണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന ഒരു ട്രെയിന്‍ രാത്രികാല യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കാസര്‍കോട് വരെ നീട്ടണമെന്നും കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍, പാര്‍സല്‍ സംവിധാനം, ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ എന്നിവ പുനഃസ്ഥാപിക്കണമെന്നും യാത്രക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.
കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഖാദര്‍ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് കൂക്കള്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം ജനറല്‍ സെക്രട്ടറി സി.കെ. നാസര്‍ സ്വാഗതം പറഞ്ഞു. റെയില്‍വേ വികസന ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംസാരിച്ചവരാണ് ട്രെയിന്‍ സ്റ്റോപ്പ് പുനഃസ്ഥാപനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ശക്തമായി ഉന്നയിച്ചത്. കാസര്‍കോട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളായ ബേക്കല്‍ കോട്ട, റാണിപുരം, ആനന്ദാശ്രമം, നിത്യാനന്ദ ആശ്രമം, ഭാഗമണ്ഡല, തലക്കാവേരി, കോട്ടഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പ്രധാന പ്രവേശന കവാടമായി മാറാന്‍ കഴിയുമെന്ന് യോഗം ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍വകലാശാല, പി.എന്‍. പണിക്കര്‍ മെഡിക്കല്‍ കോളേജ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഏറ്റവും സൗകര്യപ്രദമായ സ്റ്റേഷനെ തരംതാഴ്ത്താന്‍ അനുവദിക്കില്ലെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത, പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാഘവന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരന്‍, ദിലീപ് മേടയില്‍, കെ. ലക്ഷ്മണന്‍ നമ്പ്യാര്‍, പി.വി. ചന്ദ്രന്‍, അഡ്വ. കെ.വി. രാമചന്ദ്രന്‍, എ. ദാമോദരന്‍,എം.പി. ജാഫര്‍, മിനിമോള്‍, ഇ.കെ.കെ. പടന്നക്കാട്, കെ.പി. സലീം, ടി. മുഹമ്മദ് അസ്ലം, സി.പി. ബാബു, മുന്‍ എം.എല്‍.എ എം. കുമാരന്‍, എന്‍. ബാലകൃഷ്ണന്‍, ടൈറ്റസ് തോമസ്, ടി.പി. ഉമേഷ്, സുധി കാഞ്ഞങ്ങാട് ഫുഡി, എം. ഹമീദ് ഹാജി, മുരളീധരന്‍ നായര്‍, ആരോഗ്യ രാജ്, മധു മുതിയക്കാല്‍, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, എല്‍. സുലൈഖ, അബ്ദുറഹ്‌മാന്‍, അനില്‍ വാഴുന്നോറടി, എ. ഹമീദ് ഹാജി, ഹംസ പാലക്കി, റഷീദ പള്ളിക്കര, റസാക്ക്, കെ. മനോജ് കുമാര്‍, യു.കെ. ജയപ്രകാശ്, ഹക്കീം കുന്നില്‍, റഷീദ് കവ്വായി, ഫസലുറഹ്‌മാന്‍, ഷബീര്‍ ഹസ്സന്‍, സാബിര്‍ ആസ്‌ക്, നിയാസ് വടകര, കുഞ്ഞിക്കണ്ണന്‍ കക്കാണത്ത് എന്നിവര്‍ പങ്കെടുത്തു.
കക്ഷിരാഷ്ട്രീയത്തിനതീതമായി കാഞ്ഞങ്ങാടിന്റെ റെയില്‍വേ വികസനത്തിനായി ജനകീയ മുന്നേറ്റം ശക്തമാക്കാനും ആവശ്യങ്ങള്‍ നേടിയെടുക്കുന്നതുവരെ പ്രക്ഷോഭം തുടരാനും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

 

error: Content is protected !!