ചെറുവത്തൂര്‍ ബാറിനകത്തെ അക്രമം; ചികിത്സയിലായിരുന്നയാള്‍ മരിച്ചു
ചെറുവത്തൂര്‍: ബാറിനകത്തുണ്ടായ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആള് മരിച്ചു. തിമിരി ചെമ്പ്രകാനത്തെ സി.പി. മന്‍സൂര്‍ അലി (50) ആണ് ബുധനാഴ്ച ഉച്ചയോടെ മരിച്ചത്.ശനിയാഴ്ച രാത്രിയാണ് മന്‍സൂര്‍ അലി ബാറിനകത്ത് അക്രമത്തിന് ഇരയായത്. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ബാറിന് സമീപത്ത് അബോധാവസ്ഥയിലാണ് മന്‍സൂര്‍ അലിയെ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ ചെറുവത്തൂരിലെ സുല്‍ഫിക്കര്‍, സുഹൈല്‍, അക്ഷയ്, രതീഷ് എന്നിവര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തിരുന്നു. ഇവരില്‍ സുല്‍ഫിക്കര്‍, രതീഷ് എന്നിവരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കായി അന്വേഷണം തുടരുന്നതിനിടെയാണ് മന്‍സൂര്‍ അലി മരിച്ചത്.
ഇതോടെ ചന്തേര പോലീസ് നേരത്തെ രജിസ്റ്റര്‍ ചെയ്ത നരഹത്യാശ്രമ കേസ് കൊലപാതക കേസായി മാറുമെന്ന് പോലീസ് പറഞ്ഞു.

