കലയുടെ വേദിയില്‍ ഭിന്നതകള്‍ മാഞ്ഞു; ഇന്‍ക്ലൂസീവ് കലാമേള ചരിത്രമായി
പെരിയ: കലയ്ക്ക് ഭിന്നതയില്ലെന്ന് തെളിയിച്ച് ഒരു വേദി. കാണാന്‍ കഴിയാത്തവന്റെ പാട്ടും, കേള്‍ക്കാന്‍ കഴിയാത്തവളുടെ നൃത്തവും, നടക്കാന്‍ കഴിയാത്തവന്റെ ചിത്രവും ഒരുമിച്ച് അരങ്ങേറിയപ്പോള്‍ പെരിയയിലെ ഇന്‍ക്ലൂസീവ് കലാമേള മനുഷ്യത്വത്തിന്റെ ഉത്സവമായി മാറി. ഭിന്നശേഷി കുട്ടികളുടെ സര്‍ഗാത്മകതയ്ക്ക് ജില്ലാ കലോത്സവത്തിന്റെ ഭാഗമായി ആദ്യമായി സ്വന്തം വേദി ഒരുങ്ങിയപ്പോള്‍ അത് ചരിത്രമായി. കാസര്‍കോട് റവന്യൂ ജില്ല ഇന്‍ക്ലൂസീവ് കലാമേള ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് മേള ഉദ്ഘാടനം ചെയ്തു. ഇത് വെറുമൊരു മത്സരവേദിയല്ലെന്നും ഭിന്നശേഷി കുട്ടികളുടെ ഉള്ളിലെ സര്‍ഗാത്മകതയെ പുറത്തുകൊണ്ടുവരാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനുമുള്ള വേദിയാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ കളക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ മുഖ്യാതിഥിയായി. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിത ഉപഹാര സമര്‍പ്പണം നടത്തി.ഡി.ഡി.ഇ പി. സവിത, പുല്ലൂര്‍-പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. ബാബുരാജ്, പഞ്ചായത്തംഗം ഉഷ എന്‍. നായര്‍, കാഞ്ഞങ്ങാട് ഡി.ഇ.ഒ രാഹുല്‍ എ. രാജ്, ഡി.പി.ഒമാരായ പി. ശശിധരന്‍, മധുസൂദനന്‍, ഷംസുദ്ദീന്‍, ബേക്കല്‍ എ.ഇ.ഒ ടി.കെ. മുഹമ്മദലി, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് കെ.വി. വിശ്വംഭരന്‍, പ്രധാനാധ്യാപിക കെ. സുമതി, ബി.പി.സിമാരായ ആര്‍. സുധ, നികേഷ് മാടായി, താജുദ്ദീന്‍, ബിജു അഗസ്റ്റിന്‍, സുബൈര്‍, ശ്രീഹര്‍ഷ എന്നിവര്‍ സംസാരിച്ചു. ഡി.പി.സി എസ്.എസ്.കെ കാസര്‍കോട് ഷൗക്കത്തലി അക്കാളത്ത് സ്വാഗതവും ഡി.പി.ഒ എസ്.എസ്.കെ കാസര്‍കോട് ചരിഷ്മ നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 150 ഓളം കുട്ടികളാണ് ഇന്‍ക്ലൂസീവ് കലാമേളയില്‍ പങ്കെടുത്തത്.

