ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വയോധിക മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വയോധിക മരിച്ചതില്‍ ചികിത്സാ പിഴവുണ്ടെന്നാരോപിച്ച് കുടുംബാംഗങ്ങള്‍ പരാതി നല്കി. ചീമേനി ചെമ്പ്രങ്ങാനത്തെ കള്ളക്കൊല്ലിയിലെ വി.വി. മാധവി (71) ആണ് മരിച്ചത്. ശസ്ത്രക്രിയയ്ക്കായി തിങ്കളാഴ്ചയാണ് മാധവിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയാണ് ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോയത്.ഇതിന് ശേഷം കൊണ്ടുപോയ മറ്റ് രോഗികളെ പുറത്തേക്ക് കൊണ്ടുവന്നിട്ടും മാധവിയെ കൊണ്ടുവരാത്തത് കുടുംബം അന്വേഷിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഉച്ചയ്ക്ക് 2 മണിക്ക് ശേഷമാണ് മാധവിയെ പുറത്തേക്ക് കൊണ്ടുവന്നത്. അപ്പോഴേക്കും മരിച്ചിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡില്‍ എത്തിയിട്ടും അനക്കമില്ലാത്തതിനെ തുടര്‍ന്ന് ഡോക്ടറെ അറിയിക്കുകയും സി.പി.ആര് നല്‍കുകയുമായിരുന്നുവെന്ന് കുടുംബം പറയുന്നു. വാര്‍ഡില്‍ എത്തിയപ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ വ്യക്തമാക്കി.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂര്‍ പരിയാരം ഗവ. ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് എം.പി. ജീജ പറഞ്ഞു.
ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവാണ് കാരണമെന്ന് കാണിച്ച് കുടുംബാംഗങ്ങള്‍ ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
ഭര്‍ത്താവ്: കുമാരന്. മക്കള്‍: മനോജ്, വിനോദ്, ചിത്ര. മരുമക്കള്‍: മനുമോന്, വേണു (ചെമ്പ്രകാനം), ചിത്ര (പുത്തിലോട്ട്). സഹോദരങ്ങള്‍: നാരായണി, പരേതരായ കരുണാകരന്, ചന്ദ്രന്, പൂമണി.

