local news

പെരിയയില്‍ ഇന്ന് മുതല്‍അഞ്ചു നാള്‍ കലയുടെ ഉത്സവകാലം

പെരിയ: ജില്ല മുഴുവന്‍ ഉറ്റുനോക്കുന്ന കൗമാര കലാമേളയ്ക്ക് ഇന്ന് പെരിയയില്‍ തിരി തെളിയും. 65-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ആദ്യമായി വേദിയാകുന്നതിന്റെ ആവേശത്തിലാണ് പെരിയയും പരിസര പ്രദേശങ്ങളും.
ഏഴ് ഉപജില്ലകളില്‍ നിന്നായി 5100-ഓളം വിദ്യാര്‍ത്ഥി കലാകാരന്മാരാണ് അഞ്ച് ദിവസം നീളുന്ന ഈ കലാ മാമാങ്കത്തില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നത്. 300 മത്സരയിനങ്ങള്‍, 13 വേദികള്‍. പെരിയ ജി.എച്ച്.എസ്.എസ് ഗ്രൗണ്ടിലെ മുഖ്യവേദിയെ ചുറ്റിപ്പറ്റി ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് എല്ലാ വേദികളും ഒരുക്കിയിരിക്കുന്നത് എന്നതാണ് ഈ കലോത്സവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

മുഖ്യവേദിക്ക് പുറമെ ജി.എച്ച്.എസ്.എസ് ഓഡിറ്റോറിയം, സുരഭി, സുമംഗലി ഓഡിറ്റോറിയങ്ങള്‍, ഗാന്ധി സ്മാരക ഗ്രന്ഥാലയം, ജി.എല്‍.പി.എസ് ഓഡിറ്റോറിയം, എന്‍.എസ്.എസ് മന്ദിരം, ഡിഗ്രേഷ്യ സ്‌കൂള്‍, കായക്കുളം ശ്രീവിഷ്ണു ബ്രദേഴ്‌സ് ക്ലബ്, കായക്കുളം പഞ്ചായത്ത് മിനി സ്റ്റേഡിയം, മൊയോലം യാദവസഭാ മന്ദിരം, പെരിയ കമ്യൂണിറ്റി ഹാള്‍, അംബേദ്കര്‍ സ്‌കൂള്‍ ഹാള്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുക. ആദ്യ രണ്ട് ദിവസം സ്റ്റേജിതര മത്സരങ്ങളാണ്. ഇന്ന് ചിത്രരചന, കഥാരചന, കവിതാരചന, ഉപന്യാസരചന തുടങ്ങിയ ഇനങ്ങളാണ് നടക്കുക. ഇതോടൊപ്പം ജില്ലാ കലോത്സവ ചരിത്രത്തില്‍ ആദ്യമായി ഇന്‍ക്ലൂസീവ് കലാമേളയും ഇന്ന് അരങ്ങേറും. 322 സ്‌കൂളുകളില്‍ നിന്നുള്ള ഇരുന്നൂറോളം ഭിന്നശേഷി കുട്ടികള്‍ തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കും. രാവിലെ 10 മണിക്ക് ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് മേള ഉദ്ഘാടനം ചെയ്യും. സ്റ്റേജിനങ്ങള്‍ 26 മുതല്‍ ആരംഭിക്കും. അന്നേദിവസം വൈകിട്ട് 4 മണിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. കലോത്സവത്തിന്റെ വരവറിയിച്ച് പെരിയ ടൗണില്‍ നടന്ന വിളംബര ഘോഷയാത്ര ഇതിനകം നഗരത്തെ ഉത്സവലഹരിയിലാക്കി. മാര്‍ഗംകളി, ഒപ്പന, മലപുലയാട്ടം, ആലാമിക്കളി, കഥക്, കൈകൊട്ടിക്കളി, തിരുവാതിര, മംഗലംകളി, ദഫ്മുട്ട്, ഫ്‌ലാഷ് മോബ്, നിശ്ചലദൃശ്യങ്ങള്‍ എന്നിവയുമായി നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഘോഷയാത്രയില്‍ അണിനിരന്നത്. എം എല്‍ എ. കെ. നീലകണ്ഠന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, വൈസ് പ്രസിഡന്റ് കെ.കെ. സോയ, പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.കെ. സബിത, വൈസ് പ്രസിഡന്റ് എം.കെ. ബാബുരാജ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.വി. രാധിക, കെ. സബീഷ്, വാര്‍ഡ് മെമ്പര്‍ ഉഷ എന്‍. നായര്‍ എന്നിവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.

 

error: Content is protected !!